പനജി: ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച എട്ടു പെണ്‍കുട്ടികളെ പോലീസ് മോചിപ്പിച്ചു. ഗോവയിലാണ് നാടിനെ നടുക്കിയ ഈ സംഭവം. കുട്ടികളെ പീഡിപ്പിച്ച 65കാരിയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടികളെ താന്‍ ദത്തെടുത്തതാണെന്നാണ് വുദ്ധ പോലീസിനോട് പറഞ്ഞത്.
ആറു വയസ്സിനും 12 വയസ്സിനും മധ്യേ പ്രായമുള്ളവരാണ് മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍. ഗോവയിലെ വാസ്കോ സിറ്റിയിലുള്ള ഒരു ഫ്ളാറ്റിലാണ് ഇവരെ പൂട്ടിയിട്ടിരുന്നത്. ചുട്ടുപഴുപ്പിച്ച കത്തി കൊണ്ട് പൊള്ളിച്ചും പൈപ്പ് കൊണ്ട് അടിച്ചും കുട്ടികളെ പീഡിപ്പിച്ചിരുന്നു.ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് പോലീസ് കുട്ടികളെ മോചിപ്പിച്ചത്.
കുട്ടികളെ പൂട്ടിയിട്ടിരുന്ന വീനസ് ഹബീബ് എന്ന സ്ത്രീയെ അറസ്റ്റു ചെയ്തു. ഞായറാഴ്ച പള്ളിയില്‍ എത്തിയ കുട്ടികളില്‍ ഒരാളുടെ കയ്യില്‍ മുറിവിന്റെ പാട് കണ്ട പ്രദേശവാസികളില്‍ ഒരാള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി ദുരിതത്തെ കുറിച്ച് വിവരിച്ചത്. ഇവര്‍ അറിയിച്ചതോടെയാണ് പോലീസ് എത്തി കുട്ടികളെ മോചിപ്പിച്ചത്.
നിസാര കുറ്റങ്ങള്‍ക്കു പോലും കൈകാലുകളില്‍ കത്തി ചുട്ടുപഴുപ്പിച്ച് വീനസ് പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. കുട്ടികളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശ്വാസകേന്ദ്രമായ അപ്ന ഘറിലേക്ക് മാറ്റി. വൃദ്ധയ്ക്കെതിരെ കുട്ടികളെ തട്ടിക്കൊണ്ടുവന്നതിനും മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചതിനും കേസെടുത്തതായും പോലീസ് അറിയിച്ചു.