ഹരിപ്പാട്: ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ കുത്തി പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മുതുകുളം മാധവത്തിൽ ഓമനക്കുട്ടൻപിളളയുടെ മകൻ അനന്തുവി(22)നെയാണ് കുത്തിയും അടിച്ചും പരിക്കേൽപിച്ച സംഭവമുമായി ബന്ധപ്പെട്ടാണ് കാർത്തികപ്പളളി സ്വദേശികളായ ഋഷിജിത്ത്(22), രഞ്ജു(30) എന്നിവരെ കനകക്കുന്ന് എസ്ഐ ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ടു പ്രതികൾ ഒളിവിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30 ഓടെ മുതുകുളം വടക്ക് കൊല്ലകൽ ദേവീക്ഷേത്രത്തിന് കിഴക്കുവശം വച്ചായിരുന്നു സംഭവം. ക്ഷേത്രത്തിലെ കെട്ടുകാഴ്ച കണ്ട് അനന്തു മടങ്ങവേയായിരുന്നു ആക്രമണം. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. മുതുകിൽ ആഴത്തിൽ മുറിവും അടിയേറ്റ് തലക്ക് പരിക്കുമേറ്റ അനന്തുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചക്ക് കുതിരകെട്ട് സ്ഥലത്ത് കുതികെട്ടിനെത്തിയവരും നാട്ടുകാരിൽ ചിലരുമായി ചെറിയ സംഘർഷമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ആളുമാറി അനന്തുവിനെ ആക്രമിച്ചതാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.