തിരുവനന്തപുരം: ആര്.സി.സിയില്‍ ചികിത്സയിലിരിക്കെ ലേഡി ഡോക്ടര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ഡയറക്ടര്‍ അന്വേഷണാത്മക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആര്.സി.സി അഡീ. ഡയറക്ടര്‍ രാംദാസാണ് റിപ്പോര്‍ട്ട് ഡയറക്ടര്‍ക്കു സമര്‍പ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ആര്.സി.സിക്കോ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കോ വീഴ്ച പറ്റിയിട്ടില്ല. കാന്‍സര്‍ സെന്ററിൽ ചികിത്സയിലായിരുന്ന ഡോക്ടർ മേരി റെജിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവും വിദേശത്തു ജോലിചെയ്തുവരുന്നയാളുമായ ഡോ. റെജി ജേക്കബാണ് ആരോപണവുമായി രംഗത്തെത്തിയിരുന്നത്.
കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഭാര്യക്ക് വേണ്ടതായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയുണ്ടെന്നും സോഷ്യല്‍മീഡിയയിലൂടെ ഡോക്ടര്‍ റെജി പ്രചരിപ്പിച്ചിരുന്നു. ഇതു വിവാദമായതോടെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചത്. ഒരാഴ്ചയ്ക്കുശേഷമാണ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ആര്.സി.സിയിലെ ഡോക്ടര്‍മാര്‍ തമ്മിലുള്ള പ്രശ്നങ്ങളും കാര്യക്ഷമതയില്ലായ്മയും പലപ്പോഴും രോഗികള്‍ക്ക് തിരിച്ചടിയാകുന്നുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഡോ. റെജി ആവശ്യപ്പെട്ടിരുന്നു. ലേഡി ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടുത്തദിവസംതന്നെ ഉന്നതതലത്തില്‍ അടിയന്തരയോഗം ചേര്‍ന്നിരുന്നു.
അതേസമയം ഡോ. റെജിയുടെ ആരോപണവും തുടര്‍ന്നുള്ള അന്വേഷണവും വന്നതോടെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരെ ഒന്നോടെ അപകീര്‍ത്തിപ്പെടുത്താനേ ഇത് ഉപകരിക്കൂവെന്നായിരുന്നു ഇവരുടെ പക്ഷം. ആര്.സി.സിയെ ന്യായീകരിച്ചുകൊണ്ടുള്ള അഡീ. ഡയറക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും ഇതിനെക്കുറിച്ച് അഡീ. ഡയറക്ടറോ ഡയറക്ടറോ പ്രതികരിക്കാന്‍ തയ്യാറായില്ല.