കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ നിർണായക കണ്ടെത്തലുകൾ. ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയാണെന്നാണ് സംശയം. ഇത് സാധൂകരിക്കുന്ന വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. അഞ്ചു പേജുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലായാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത അന്നു മുതൽ ഒൻപതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലെ മർദ്ദനത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്താനായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം. മർദ്ദനം എങ്ങനെയെന്ന് കണ്ടെത്തുന്നതിനാണ് ഇത്.