സുൽത്താൻ ബത്തേരി: വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ നഞ്ചൻഗോഡ്-വയനാട്-നിലന്പൂർ റെയിൽവേ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് ലോംഗ് മാർച്ച് ആരംഭിച്ചു.
രാവിലെ എട്ടിന് ബത്തേരി ചുങ്കം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ലോഗ് മാർച്ച് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ്, മലബാർ ഭദ്രാസിനാധിപൻ സഖറിയാസ് മാർ പോളികാർപ്പോസ്, ഡബ്യുഎംഒ പ്രസിഡന്റ് എം.എ. മുഹമ്മദ് ജമാൽ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പ്രസിഡന്റ് കെ.കെ. വാസുദേവൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്ത്.
ഫ്ളാഷ്മോബോടുകൂടിയാണ് മാർച്ചിന് തുടക്കമായത്. എഐസിസി അംഗം കെ.സി. റോസക്കുട്ടി, എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, കെ.കെ. ഏബ്രഹാം, നൂറ്കണക്കിന് വൈദികർ, സന്യസ്തർ എന്നിവർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് റെയിൽവേ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്. വയനാടിന്റെ ശബ്ദമാണ് മാർച്ചിൽ അലയടിക്കുന്നത്. ജില്ലയിലെ ജനങ്ങളെല്ലാം തന്നെ റെയിൽവേ വരണമെന്നാഗ്രഹിക്കുന്നവരാണ്.
എല്ലാ ഘടകങ്ങളും അനുകൂലമായിട്ടും റെയിൽവേയുടെ പ്രവർത്തനത്തിന് തടസം നിൽക്കുന്ന സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് മാർച്ച് നടത്തുന്നത്. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത, സംഘടനകളുടെ പിന്തുണയോടെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. എന്നാൽ സിപിഎം, സിപിഐ എന്നീ ഇടതുപക്ഷ പാർട്ടികൾ മാർച്ചിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
മുദ്രാവാക്യമെഴുതിയ കാർഡുകൾ പിടിച്ചാണ് ജനങ്ങൾ മാർച്ചിൽ അണിനിരന്നത്. വ്യാപാരി സംഘടനകൾ വഴി മധ്യേ ദാഹജലം നൽകും. ഒരു പ്രകോപനവുമുണ്ടാക്കാതെ സഹന സമരമായാണ് മുന്നോട്ടു നീങ്ങുന്നത്. പോകുന്ന വഴിക്ക് മൂന്നിടത്ത് സ്വീകരണവും നൽകും. കൊളഗപ്പാറയിൽ പ്രഭാത ഭക്ഷണവും കാക്കവയലിൽ ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
തയാറാക്കിയ മുദ്രാവാക്യങ്ങൾ മാത്രമായിരിക്കും അംഗീകൃത മുദ്രാവാക്യങ്ങൾ. ആയിരത്തലധികം പേരെയാണ് മാർച്ചിൽ പങ്കെടുക്കുന്നത്. ആംബുലൻസും മെഡിക്കൽ ടീമും സുസജ്ജമായി മാർച്ചിനൊപ്പമുണ്ട്. എംപിമാരായ വി. മുരളീധരൻ, എം.ഐ. ഷാനവാസ്, പി.വി. അബ്ദുൾ വഹാബ്, എംഎൽഎ എ. ഉമ്മർ എന്നിവരും മാർച്ചിനെ അഭിസംബോധന ചെയ്യും.
മാർച്ചിന് മുന്നോടിയായി ഇന്നലെ ടൗണിൽ വിളംബര ജാഥ നടന്നു. ബത്തേരി, മാനന്തവാടി രൂപതകൾ അടക്കം നിരവധി സംഘടനകൾ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. കൽപ്പറ്റയിൽ ഉച്ചക്ക് രണ്ടോടെ മാർച്ച് എത്തും. തുടർന്ന് സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപന സമ്മേളനം നടക്കും.