ആനക്കാട്ടില്‍ ചാക്കോച്ചിയുമായി സുരേഷ് ഗോപി വീണ്ടുമെത്തുന്നു, ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് ഈ വര്‍ഷം തന്നെ, ലേലം രണ്ടിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

പ്രിയനടന്‍ സുരേഷ് ഗോപിയുടെ എക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ലേലത്തിലെ നായകനടന്റെ പേരാണിത്. ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തിന് ഇന്നും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്വാധീനമുണ്ട്. തിയെറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ആനക്കാട്ടില്‍ ചാക്കോച്ചിയായി വീണ്ടും ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് സുരേഷ് ഗോപി. 1997 ല്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിന് മലയാളികള്‍ക്കിടയിലുണ്ടാക്കിയ ഓളം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് രണ്‍ജി പണിക്കരും മകന്‍ നിഥിന്‍ പണിക്കരും.

ലേലം രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ആദ്യഭാഗത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കിയ രണ്‍ജി പണിക്കര്‍ തന്നെയാണ് ലേലം രണ്ടാംഭാഗത്തിന്റെ കഥയെഴുതുന്നത്. ആദ്യഭാഗം സംവിധാനം ചെയ്തതു ജോഷിയായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തിന് ചുക്കാന്‍ പിടിക്കുന്നത് രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ പണിക്കരാണെന്നൊരു പ്രത്യേകതയുണ്ട്.

രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് നിര്‍മാണം. ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നു പറഞ്ഞ് രണ്‍ജി പണിക്കര്‍ സ്വന്തം എഫ്ബി പേജില്‍ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. 25നും 40 ഇടയില്‍ പ്രായമുള്ള നടന്‍മാരെയാണ് സിനിമയിലേക്ക് ആവശ്യമുള്ളത്. ലേലം 2ലും സുരേഷ് ഗോപി തന്നെയാണ് നായകന്‍. രാഷ്ട്രീയത്തില്‍ സജീവമായ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. നിധിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മമ്മൂട്ടി നായകനായ കസബയായിരുന്നു ആദ്യസംവിധാനചിത്രം.

Related posts