ന്യൂഡൽഹി/ഹൈദരാബാദ്/ചെന്നൈ: കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുത്ത് വിജയിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഉജ്വല വരവേൽപ്പ്. ഷൂട്ടിംഗ്, ബോക്സിംഗ്, അത്ലറ്റിക്സ്, ടേബിൾ ടെന്നീസ്, ഭാരദ്വഹനം, സ്ക്വാഷ് തുടങ്ങിയ മത്സരങ്ങളിൽ മെഡൽ നേടി ഇന്ത്യയുടെ യശസുയർത്തിയ താരങ്ങൾ ഇന്നലെയാണ് ഗോൾഡ് കോസ്റ്റിൽനിന്ന് തിരിച്ചെത്തിയത്. ന്യൂഡൽഹിയിലാണ് ഷൂട്ടിംഗ്, ബോക്സിംഗ് താരങ്ങൾ ഇറങ്ങിയത്.
സ്ക്വാഷിലെ മെഡൽ ജേതാക്കളായ ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലും ചെന്നൈയിൽ ഇറങ്ങി. ഷൂട്ടിംഗിൽ സ്വർണം നേടിയ പതിനാറുകാരിയായ മനു ഭാകറിന് ഹരിയാന സർക്കാർ വൻ സ്വീകരണമാണ് ഒരുക്കിയത്. പാരിതോഷികമായി ഹരിയാന സർക്കാർ മനു ഭാകറിന് 1.5 കോടി രൂപ സമ്മാനിച്ചു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇന്നലെ നടന്ന ചടങ്ങിൽ തുക മനുവിന് കൈമാറി. ബാഡ്മിന്റണ്‍ ടീമിനെ അകമഴിഞ്ഞ് പ്രകീർത്തിച്ച് പരിശീലകൻ ഗോപീചന്ദ്. ഇന്ത്യ ഇപ്പോൾ ഒന്നോ രണ്ടോ കളിക്കാരുടെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഗോപീചന്ദ് ഇന്നലെ ഹൈദരാബാദിൽവച്ചു നടന്ന അനുമോദനയോഗത്തിൽ പറഞ്ഞു.
കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ടേബിൾ ടെന്നീസ് വനിതാ ടീം ഇനത്തിലും വനിതാ സിംഗിൾസിലും സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾക്കും ഉൗഷ്മള വരവേൽപ്പാണ് നല്‍കിയത്. ടേബിൾ ടെന്നീസിലെ സൈനയും സിന്ധുവുമെന്നാണ് കോമണ്‍വെൽത്ത് വനിതാ സിംഗിൾസ് സ്വർണം നേടിയ മണിക ബത്രയെ വിശേഷിപ്പിച്ചത്.