ന്യൂഡൽഹി: 21-ാം കോമണ്‍വെൽത്ത് ഗെയിംസിൽ വനിതാ വിഭാഗം 45-48 കിലോഗ്രാം ബോക്സിംഗ് സ്വർണം നേടിയ ഇന്ത്യയുടെ സൂപ്പർ താരം മേരികോം വിരമിക്കൽ ഉടനേയില്ലെന്ന് വ്യക്തമാക്കി. മുപ്പത്തഞ്ചുകാരിയായ മേരികോം ആദ്യമായാണ് കോമണ്‍വെൽത്തിൽ പങ്കെടുക്കുന്നത്.
വിരമിക്കുന്നതിനെക്കുറിച്ച് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണ്. അടുത്ത ലക്ഷ്യം ഒളിന്പിക്സിൽ സ്വർണം നേടുകയാണ് – അഞ്ച് തവണ ലോകചാന്പ്യൻപട്ടം കരസ്ഥമാക്കിയ മേരികോം പറഞ്ഞു.
2012 ലണ്ടൻ ഒളിന്പിക്സിൽ മേരികോം വെങ്കലം നേടിയിരുന്നു. 2016 റിയോ ഒളിന്പിക്സിൽ ഇന്ത്യൻ താരത്തിനു വൈൽഡ് കാർഡ് എൻട്രി ലഭിക്കാതിരുന്നതോടെ മത്സരിക്കാനായില്ല. 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടാനാവുമെന്നാണു പ്രതീക്ഷയെന്നു മേരികോം വ്യക്തമാക്കി.