ബെയ്ജിംഗ്: ജനുവരി-മാർച്ച് ത്രൈമാസത്തിൽ ചൈനീസ് സാന്പത്തിക (ജിഡിപി) വളർച്ച പ്രതീക്ഷയിലും മെച്ചമായി. 6.8 ശതമാനമാണു വളർച്ച. ഒക്ടോബർ-ഡിസംബറിലും 6.8 ശതമാനം വളർന്നതാണ്.
സാന്പത്തികവളർച്ച ശുഭോദർക്കമാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വിലയിരുത്തി. അമേരിക്കയുമായി വ്യാപാരയുദ്ധത്തിനു സാധ്യത ഉള്ളതിനാൽ വരും മാസങ്ങളിൽ വളർച്ച കുറയുമെന്ന ആശങ്കയുണ്ട്. അമേരിക്കയിലേക്കാണു ചൈനീസ് കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗം പോകുന്നത്. അമേരിക്ക പിഴച്ചുങ്കം ചുമത്തിയാൽ കയറ്റുമതി കുറയും. ജനുവരി-മാർച്ചിലെ വ്യവസായ വളർച്ചയും 6.8 ശതമാനമുണ്ട്.
ഇതിനിടെ ചൈനീസ് കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾ സൂക്ഷിക്കേണ്ട കരുതൽ പണ അനുപാതം ഒരു ശതമാനം കുറച്ചു. കഴിഞ്ഞമാസം ചൈനീസ് വായ്പകളുടെ വളർച്ച കുറവായ പശ്ചാത്തലത്തിലാണിത്. ഇതു വായ്പാലഭ്യത കൂട്ടും.