ന്യൂഡൽഹി: രാജ്യത്താകെ നോട്ട് ക്ഷാമം നേരിട്ടതിന് സർക്കാരും ബാങ്കുകളും വിദഗ്ധരും പല കാരണങ്ങളാണ് നിരത്തുന്നത്. നിരവധി സംസ്ഥാനങ്ങളിൽ കറൻസികൾക്ക് ലഭ്യതക്കുറവുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. പരിഹാരം എത്രവേഗം എന്നതിനെക്കുറിച്ച് വ്യക്തമായി ഉത്തരവുമില്ല.
1. ഉത്സവ സീസണ്
പല സംസ്ഥാനങ്ങളിലും വിളവെടുപ്പു കാലമാണ്. കാർഷിക ഉത്പന്നങ്ങളുടെ സംഭരണവുംസജീവം. ഉത്തരേന്ത്യയിലും മറ്റും വിളവെടുപ്പു കാലത്തെ ഉത്സവങ്ങളായ വൈശാഖി, ബീഹു തുടങ്ങിയവ മുതൽ സ്വർണവിപണനത്തിനായുള്ള ഇന്നത്തെ അക്ഷയതൃതീയ വരെയുള്ളവയുടെ കാലം.
2. എഫ്ആർഡിഐ ബിൽ
നിർദിഷ്ട ഫിനാൻഷ്യൽ റൊസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷ്വറൻസ് (എഫ്ആർഡിഐ) ബില്ലിനെക്കുറിച്ചുള്ള സംശയങ്ങളും കിംവദന്തികളും കറൻസി ക്ഷാമത്തിലേക്കു വഴിതെളിച്ചു. ഈ ബിൽ പാസാക്കി നിയമം ആയാൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാകില്ലെന്ന അഭ്യൂഹം ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. എടിഎമ്മുകളിൽനിന്നും വലിയ തോതിൽ പണം പിൻവലിക്കാനും ബാങ്കുകളിലെ നിക്ഷേപങ്ങൾ തിരിച്ചെടുക്കാനും കിംവദന്തി കാരണമായെന്നാണ് റിപ്പോർട്ട്.
3. തെരഞ്ഞെടുപ്പ്, സമ്മേളനങ്ങൾ
മേയ് 12ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരിൽ 2000 രൂപ, 500 രൂപ നോട്ടുകൾക്ക് വലിയ തോതിൽ ഡിമാൻഡ് വർധിച്ചു. കണക്കിലുള്ളതും അല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും വൻ ചെലവുകൾക്കു പുറമേ വോട്ടർമാരെ സ്വാധീനിക്കാനും ഈ കറൻസി നോട്ടുകൾ നേതാക്കൾ സ്വന്തമാക്കുന്നതായാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിനോടൊപ്പം മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കായും വലിയ തോതിൽ നോട്ടുകൾ ശേഖരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നു.
4. എടിഎം റീകാലിബ്രേഷൻ
രാജ്യത്താകെ 2,20,000 എടിഎം മെഷീനുകൾ ഉള്ളതിൽ പലതിലും 200 രൂപയുടെ പുതിയ നോട്ട് കിട്ടാവുന്ന തരത്തിൽ റീകാലിബ്രേഷൻ (ഉൾവിസ്താരം ക്രമപ്പെടുത്തൽ) പൂർത്തിയായിട്ടില്ല. ഇതു മൂലം പല എടിഎമ്മുകളിലും കറൻസി ക്ഷാമം നേരിടുകയാണ്. നോട്ട് റദ്ദാക്കലിനെത്തുടർന്ന് 2000 രൂപ നോട്ടുകളുടെ കാര്യത്തിലും ഇതേ പ്രശ്നം നേരിട്ടിരുന്നു.
5. ശന്പള വിതരണം
സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാരുടേതിനു പുറമേ വിളവെടുപ്പു കാലം പ്രമാണിച്ച് തൊഴിലാളികൾക്ക് കൂടുതൽ തുകയുടെ ശന്പളവിതരണത്തിനും വലിയ തോതിൽ 500, 200, 100 രൂപ നോട്ടുകൾ ആവശ്യമായി വന്നത് ക്ഷാമം രൂക്ഷമാക്കി. ചില സംസ്ഥാനങ്ങളിൽ 2,000 രൂപ നോട്ടുകൾക്കും ക്ഷാമം നേരിട്ടു.
6. നിക്ഷേപം കുറയുന്നത്
നോട്ട് റദ്ദാക്കൽ, ജിഎസ്ടി എന്നിവ മൂലമുള്ള ബിസിനസിലെ തകർച്ചയും കാർഷിക, വ്യവസായിക മേഖലകളിലെ മാന്ദ്യവും മൂലം ബാങ്കുകളിൽ നിക്ഷേപം ഗണ്യമായി കുറയുകയാണ്. ഇതേസമയം, വായ്പ കൂടിയിട്ടുമുണ്ട്. രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപ വളർച്ചാ തോത് 2016-17 സാന്പത്തിക വർഷത്തെ 15.3 ശതമാനത്തിൽനിന്ന് കഴിഞ്ഞ ഏപ്രിലിൽ 6.7 ശതമാനമായാണ് കുറഞ്ഞത്. എന്നാൽ, ബാങ്ക് ക്രെഡിറ്റ് കഴിഞ്ഞ വർഷത്തെ 8.2 ശതമാനത്തിൽ നിന്ന് 10.3 ശതമാനമായി കൂടി.
7. ബാങ്ക് തട്ടിപ്പുകൾ
വിജയ് മല്യക്കു പിന്നാലെ നീരവ് മോദി ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ്, ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കോച്ചറിനെതിരേ ആരോപണം ഉയർന്ന തട്ടിപ്പ്, എസ്ബിഐ ഉൾപ്പെടെയുള്ള മറ്റ് പൊതുമേഖലാ- സ്വകാര്യ ബാങ്കുകളിലെ ക്രമക്കേടുകളും തട്ടിപ്പുകളും പെരുകുന്ന സഹസ്രകോടികളുടെ കിട്ടാക്കടങ്ങളും ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസ്യത തകർത്തു.
രാജ്യത്തെ സാധാരണക്കാരുടെ വരുമാനത്തിൽ ഉണ്ടായ കുറവു കൂടിയായപ്പോൾ ഗ്രാമ, നഗര വ്യത്യാസമില്ലാതെ ജനങ്ങൾ വ്യാപകമായി പണം പിൻവലിച്ചതും തിരിച്ചടിയായി.