തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ. സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. സസ്പെൻഷനു മേൽ സസ്പെൻഷൻ ഒരു ഉദ്യോഗസ്ഥൻ നേരിടുന്നത് സംസ്ഥാനത്ത് അപൂർവമാണ്.
‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരിൽ അഖിലേന്ത്യാ സർവീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണ് നടപടി എടുത്തത്. വിജിലൻസ് ഡയറക്ടറായിരിക്കെ നടന്ന ചില കാര്യങ്ങളും വെളിപ്പെടുത്തലുകളും വിമർശനങ്ങളും പുസ്തകത്തിലുണ്ടായിരുന്നു. പരാമർശം സംബന്ധിച്ച നോട്ടീസിന് അദ്ദേഹം നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ അന്വേഷണത്തിന് കമ്മീഷനെയും നിയമിച്ചിരുന്നു.
പുസ്തകത്തിലെ പാറ്റൂർ, ബാർ കോഴ, ബന്ധുനിയമന കേസുകളെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ അന്വേഷണസമിതി നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാൻ ജേക്കബ് തോമസ് തയാറായിരുന്നില്ല. ഇതേത്തുടർന്നാണ് സർക്കാർ സസ്പെൻഷൻ ഉത്തരവിറക്കിയത്.
ഡിസംബർ 20-ന് ഓഖി വിഷയമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ സർക്കാർ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സസ്പെൻഷൻ തുടരുമ്പോഴാണ് വീണ്ടുമൊരു സസ്പെൻഷൻ. രണ്ട് പുസ്തകങ്ങളാണ് ജേക്കബ് തോമസ് സർക്കാരിന്റെ അനുമതിയില്ലാതെ എഴുതിയത്.