ചെറായി : ദേവസ്വം നടയിലെ ബിവറേജ് വക മദ്യശാല വീണ്ടും തുറക്കാൻ അനുമതിക്കായി ഉന്നത ഉദ്യോഗസ്ഥനെ ചെറായി ബീച്ചിലെ റിസോർട്ടിലെത്തിച്ച് ചിലർ സൽക്കരിച്ചതായി സൂചന. പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ പരാതിയെ തുടർന്ന് മദ്യശാല ഇവിടെ വീണ്ടും തുറക്കുന്നതിനു ഈ ഉന്നത ഉദ്യോഗസ്ഥൻ അനുമതി നൽകാൻ വിസമ്മതം പ്രകടിപ്പിച്ചതിന്റെ പാശ്ചാത്തലത്തിലായിരുന്നത്രേ ഈ സൽകാരം.
ഇതേ തുടർന്ന് ഉന്നത ഉദ്യോഗസ്ഥന്റെ മനസ് മാറി മദ്യശാല തുറക്കാൻ സമ്മതം മൂളിയിട്ടുണ്ടെന്നാണ് അറിവ്. ഇതിനിടെ ഉദ്യോഗസ്ഥൻമാരുടെ പ്രതിനിധികൾ സിപിഎം ചെറായി ലോക്കൽ കമ്മിറ്റി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായും അറിയുന്നു.സിപിഎം ലോക്കൽ കമ്മിറ്റിക്ക് എതിർപ്പുണ്ടെങ്കിൽ മദ്യശാല തുറക്കണ്ട എന്നതാണ് ബിവറേജസ് കോർപ്പറേഷന്റെ പൊതുവായ നിലപാട്.
അതേ സമയം ഇവിടെ മദ്യശാല തുടങ്ങാൻ അനുവദിക്കില്ലെന്ന് നാട്ടുകാരും സഹകാരികളും ആവർത്തിച്ചു പറയുന്നു. മദ്യം എത്തിച്ചാൽ തടയാനാണ് നാട്ടുകാരുടെ നീക്കം. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ ചെറായി ശാഖ, ബാങ്ക് വക സൂപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോർ, ബിഎസ്എൻഎൽ ഉപഭോക്തൃസേവന കേന്ദ്രം, ടെലഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളുടെ തൊട്ടടുത്താണ് മദ്യശാല തുറക്കുന്നത്.
നേരത്തെ ഇവിടെ ഇത് പ്രവർത്തിച്ചിരുന്നപ്പോൾ മദ്യപശല്യം മൂലം നാട്ടുകാർ വല്ലാതെ കഷ്ടപ്പെട്ടതാണ്. സുപ്രീംകോടതിയുടെ ഹൈവേ ദുരപരിധി വിഷയത്തിലാണ് ഇത് അടച്ചു പൂട്ടിയത്.