സ്വന്തം ലേഖകൻ
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു നാളെ കൊടികയറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവന്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ കൊടികയറും.തിരുവന്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നുമിടയിലാണ് കൊടിയേറ്റ ചടങ്ങുകൾ നടക്കുക. പാറമേക്കാവ് ക്ഷേത്രത്തിൽ 11.45നും 12.15നുമിടയിലാണ് കൊടിയേറ്റ് നടക്കുക.
ഘടകക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, അയ്യന്തോൾ ശ്രീകാർത്യായിനി ക്ഷേത്രം, ചെന്പുക്കാവ് ശ്രീ കാർത്യായിനി ക്ഷേത്രം, ലാലൂർ ശ്രീ കാർത്യായിനി ദേവി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും നാളെ പൂരത്തോടനുബന്ധിച്ച് കൊടിയേറ്റ് നടക്കും.
പൂരക്കൊടി ഉയർത്താനുള്ള കൊടിമരത്തിന് ഇന്നു വൈകീട്ട് തിരുവന്പാടി തട്ടകത്ത് വരവേൽപ്പ് നൽകും. വർഷങ്ങൾക്കു മുൻപ് കൊടിമരത്തിനെ ആഘോഷമായി ക്ഷേത്രത്തിലേക്കു സ്വീകരിക്കുന്ന ചടങ്ങുണ്ടായിരുന്നുവെങ്കിലും കാലങ്ങളായി അതു മുടങ്ങിക്കിടക്കുകയായിരുന്നു.
പണ്ട് കൊടിമരത്തിനുള്ള കവുങ്ങ് ക്ഷേത്രത്തിനു സമീപത്തേയോ തട്ടകത്തേയോ വീടുകളിൽനിന്നാണ് മുറിച്ച് തയാറാക്കി കൊണ്ടുവരാറുള്ളത്. എന്നാൽ വീടുകളിൽ കവുങ്ങും മറ്റും ഇല്ലാതായതോടെ കൊടിമരം പുറത്ത് തയാറാക്കുകയായിരുന്നു. അതോടെ കൊടിമരത്തിനു വരവേൽപ്പ് നൽകുന്ന ചടങ്ങും ഇല്ലാതായി. വിസ്മൃതിയിലാണ്ടുപോയ ആ ചടങ്ങിനെ വീണ്ടും തൃശൂർ പൂരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്പോൾ വലിയൊരു കൂട്ടായ്മയാണ് തിരിച്ചെത്തുന്നത്.
ഇത്തവണയും കൊടിമരത്തിനുള്ള കവുങ്ങ് മറ്റു ദിക്കിൽനിന്നാണെത്തുന്നതെങ്കിലും അതിനെ വരവേൽക്കാൻ തിരുവന്പാടി തട്ടകവും പൂരപ്രേമികളും ഒരുങ്ങിക്കഴിഞ്ഞു. തിരുവന്പാടി ക്ഷേത്രത്തിന് ഒരു വിളിപ്പാടകലെയുള്ള പാട്ടുരായ്ക്കൽ ജംഗ്ഷനിൽ വച്ച് കൊടിമരത്തിനു വരവേൽപ്പ് നൽകും. വൈകീട്ട് അഞ്ചിനു നടക്കുന്ന സ്വീകരണചടങ്ങിൽ ദേവസ്വം ഭാരവാഹികളും പങ്കെടുക്കും.