തൃശൂർ: നെല്ല് സംഭരണ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതികൾ നൽകുകയും സമരം നടത്തുകയും ചെയ്തിട്ടും ഇതുവരെയും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അടുത്ത സീസണിൽ നെൽകൃഷി ഇറക്കേണ്ടെന്ന് ജില്ലാ കോൾ കർഷക സംഘം ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി കളക്ടർക്ക് കത്തു നൽകി. മുപ്പതിനായിരം ഏക്കറിലാണ് കോൾ കൃഷി നടത്തിവന്നിരുന്നത്.
നെല്ലു സംഭരണത്തിന് മില്ലുകാരും സപ്ലൈക്കോയും തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാർ അനുസരിച്ച് ലോറി വരുന്ന സ്ഥലത്ത് ഗുണനിലവാരമുള്ള നെല്ല് എത്തിച്ചുകൊടുക്കേണ്ടത് കർഷകരും, നെല്ല് ചാക്കിലാക്കി തൂക്കംനോക്കി വണ്ടിയിൽ കയറ്റി മില്ലിലേക്ക് കൊണ്ടുപോകേണ്ടത് മില്ലുടമകളുടമാണ്.
എന്നാൽ മില്ലുകാർ ചെയ്യേണ്ട പണി കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. കൊയ്ത്തു കഴിഞ്ഞ് നെല്ല് വയലിൽക്കിടന്നു നശിച്ചുപോകുന്ന അവസ്ഥ ഒഴിവാക്കാൻ കർഷകർ നിർബന്ധ സാഹചര്യത്തിൽ മില്ലുകാർക്ക് വഴങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. കർഷകരെ വഞ്ചിക്കുന്ന സാഹചര്യമായിട്ടുപോലും ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ജനുവരി 28ന് ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഉപവാസ സമരവും നടത്തിയിരുന്നു. മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടും പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. ഇക്കാരണങ്ങളാലാണ് അടുത്ത സീസണിൽ കൃഷിയേറക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് കർഷക സംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, ജനറൽ സെക്രട്ടറി എൻ.കെ. സുബ്രമണ്യൻ എന്നിവർ അറിയിച്ചു.