പാലക്കാട്: വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്ന് വനം- മൃഗസംരക്ഷണ മന്ത്രി കെ.രാജു. വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് പരിശീലനം പൂർത്തിയാക്കിയവരുടെ പാസിംഗ്് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നാൾക്കുനാൾ വർധിക്കുകയാണ്. മനുഷ്യന് സുരക്ഷ ഒരുക്കുന്നതുപോലെ പ്രധാനമാണ് വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുക എന്നത്. ലോകമെന്പാടും മനുഷ്യർ പ്രകൃതിയിൽനിന്നും വെല്ലുവിളികൾ നേരിടുകയാണ്. പ്രകൃതിയോട് മനുഷ്യൻ നടത്തിയ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളാണ് ഇന്നത്തെ വെല്ലുവിളികൾക്ക് കാരണം. ആ വെല്ലുവിളികൾ മറികടക്കാൻ മനുഷ്യർ ബാധ്യസ്ഥരാണ്.
വാളയാറിലെ വനംവകുപ്പ് പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വനംവകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പി.കെ. കേശവൻ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ പ്രദീപ് കുമാർ, നിലന്പൂർ ഡി.എഫ്.ഒ. വർക്കാട് യോഗേഷ് നിൽകാന്ത്, ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ ഡോ: ആർ. അദലരസൻ എന്നിവർ പങ്കെടുത്തു.
വനിതകളടക്കം 80 ഫോറസ്റ്റ് ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചത്. ഇതിൽ 33 പേർ വനിതകളാണ്.
ആറുമാസത്തെ വനംവകുപ്പ് പരിശീലനവും മൂന്നുമാസത്തെ പോലീസ് പരിശീലനവും പൂർത്തിയാക്കി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ വനിതകൾക്ക് ആദ്യമായാണ് നിയമനം നല്‍കുന്നത്.