ഷൊർണൂർ: പുഴയിലേക്കും മറ്റു ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കിവിട്ടാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പിടിവീഴും. പുഴകളും കുടിവെള്ളസ്രോതസുകളും ജലാശയങ്ങളുമെല്ലാം ഇത്തരത്തിൽ മലിനീകരിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് കർശനനടപടിയെടുക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ശ്രമിക്കുന്നത്.
ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട നാലു സ്ഥാപനങ്ങൾക്കെതിരേ മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യഘട്ടമെന്ന നിലയിൽ കാരണം കാണിക്കൽ നോട്ടീസ് നല്കി.ചെറുതുരുത്തിയിലുള്ള ബ്ലാക്ക് പെപ്പർ റസ്റ്റോറന്റ്, ഫ്രണ്ട് സർവീസ് സ്റ്റേഷൻ, ജെബിആർ ഹോട്ടൽ, ഷാലിമാർ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്കെതിരേയാണ് മലിനീകരണ നിയന്ത്രണ ബോർഡ്് അടച്ചുപൂട്ടൽ നടപടിക്കു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നല്കിയത്.
ഷൊർണൂർ ഭാഗത്തേക്ക് കുടിവെള്ളം സംഭരിക്കുന്ന താത്കാലിക തടയണയിലേക്ക് ഈ സ്ഥാപനങ്ങളിൽനിന്ന് മലിനജലം എത്തിയിരുന്നു.ഇതു പരാതിയായതോടെ പഞ്ചായത്തും ആരോഗ്യവകുപ്പും നിർദേശങ്ങളും നടപടിയും എടുത്തിരുന്നുവെങ്കിലും പ്രശ്നപരിഹാരമായില്ല.
മലിനീകരണ നിയന്ത്രണ ബോർഡിനു ലഭിച്ച പരാതികളെ തുടർന്നു നടത്തിയ പരിശോധനയിൽ ഈ സ്ഥാപനങ്ങളിൽനിന്നെല്ലാം മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തി. തുടർന്നാണ് അടച്ചുപൂട്ടൽ നടപടിയെടുക്കുന്നതിനു മുന്നോടിയായി് സ്ഥാപനങ്ങൾക്കു നോട്ടീസ് നല്കിയത്. ഹോട്ടൽ മാലിന്യം നേരിട്ട് പുഴയിലേക്ക് ഒഴുക്കിവിടുന്ന തരത്തിലാണ് ഹോട്ടലുകാർ ക്രമീകരണം നടത്തിയിട്ടുള്ളത്.