തിരുവനന്തപുരം: വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ തിരുവനന്തപുരം മുൻ സബ് കളക്ടർ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റാണെന്ന് കണ്ടെത്തൽ. ജില്ലാ സർവേ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ സ്ഥലം സർക്കാർ പുറന്പോക്ക് തന്നെയാണെന്ന് കണ്ടെത്തിയത്.
വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള ഭൂമി വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ്. അയ്യർ ഉത്തരവിറക്കിയത്. അയിരൂര്‍ പോലീസ് സ്റ്റേഷന് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. നിയമമനുസരിച്ച് നോട്ടീസ് നല്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തത്. എന്നാൽ ഇതിനെതിരെ സ്ഥലമുടമ ജെ. ലിജി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കളക്ടറെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കളക്ടര്‍ ഉത്തരവിട്ടത്.