മട്ടന്നൂർ: ആശുപത്രി മുറ്റത്ത് കൃഷിയിറക്കി മാതൃകയാവുകയാണ് മട്ടന്നൂരിലെ ഡോക്ടർമാരും ജീവനക്കാരും. മട്ടന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് കൃഷിയിൽ നൂറ് മേനി വിളയിക്കാൻ ഒരുങ്ങുന്നത്. ആശുപത്രി കെട്ടിടത്തിനോടു ചേർന്നു ഒഴിഞ്ഞു കിടക്കുന്ന 30 സെന്റോളം വരുന്ന സ്ഥലത്താണ് കൃഷിയൊരുക്കിയത്. കാടുകയറി മൂടിയ സ്ഥലം വൃത്തിയാക്കിയാണ് കൃഷിയിറക്കിയത്.
കയ്പ, പയർ, മുളക്, മരച്ചീനി, വാഴ തുടങ്ങിയ കൃഷികളാണ് ഇറക്കിയത്. ആശുപത്രി പരിസരത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കാടുകയറി മൂടുന്നത് ഒഴിവാക്കാനും പരിസരം വൃത്തിയായി സൂക്ഷിക്കാനുമാണ് ഡോക്ടറും ജീവനക്കാരും കൃഷിയിറക്കാൻ ഇറങ്ങിയത്. കൃഷിയുടെ നടീൽ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ കെ. സുഷമ നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി.ടി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ നേഴ്സുമാരും മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.