മുംബൈ: തുടർച്ചയായ ഒൻപതു ദിവസം ഉയർന്ന ഓഹരിസൂചികകൾ ഇന്നലെ താണു. വ്യാപാരത്തിന്റെ അവസാന മണിക്കൂറിലായിരുന്നു വിലയിടിവ്.പ്രശ്നകടങ്ങൾ നിർണയിക്കാനുള്ള പുതിയ വ്യവസ്ഥയിൽ അയവ് വരുത്തില്ലെന്നു റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ.പി. വിശ്വനാഥൻ വ്യക്തമാക്കിയത് ബാങ്ക് ഓഹരികളുടെ വിലയിടിയാൻ കാരണമായി.
ഇതാണു സൂചികകളെ താഴ്ത്തിയത്. വലിയ കടങ്ങളുടെ തിരിച്ചടവ് ഒരു ദിവസം വൈകുന്പോൾതന്നെ പ്രശ്നകടങ്ങൾ സംബന്ധിച്ച നടപടിക്രമം ആരംഭിക്കണമെന്നാണു റിസർവ് ബാങ്ക് ഫെബ്രുവരി 12-നു നിർദേശിച്ചിരുന്നത്. ഇതിൽ അയവു വരുത്തണമെന്നു ഗവൺമെന്റും വ്യവസായികളും ബാങ്കുകളും ആവശ്യപ്പെട്ടുവരുന്നതിനിടയിലാണു റിസർവ് ബാങ്ക് നിലപാടിൽ മാറ്റമില്ലെന്നറിയിച്ചത്.
വിദേശനിക്ഷേപകർ ഈ ദിവസങ്ങളിൽ പണം പിൻവലിക്കുകയാണ്. ചൊവ്വാഴ്ച അവർ 951.39 കോടി രൂപ പിൻവലിച്ചു. സ്വദേശിനിക്ഷേപസ്ഥാപനങ്ങൾ അന്ന് 723.81 കോടിയുടെ ഓഹരികൾ വാങ്ങി.
ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവയ്ക്കു വില താണു.രൂപ തുടർച്ചയായ നാലാം ദിവസവും താണു. ഇന്നലെ ഡോളറിന്റെ വിനിമയനിരക്ക് രണ്ടു പൈസ കൂടി 65.66 രൂപയായി.ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ വില രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം വീപ്പയ്ക്ക് 72.45 ഡോളറായി കയറി.
സ്വർണവിലയും വീണ്ടും കയറ്റത്തിന്റെ പാതയിലാണ്. ഇന്നലെ ന്യൂയോർക്ക് വിപണി തുറക്കുംമുന്പേ ഔൺസിന് (31.1 ഗ്രാം) വില 1350 ഡോളറിലെത്തി.