കറുകച്ചാൽ: ആളില്ലാത്ത വീട്ടിൽ മോഷണത്തിനു കയറി മദ്യപിച്ച് ഉറങ്ങിപ്പോയതോടെ പോലീസ് പിടികൂടിയ കള്ളനെ ഇന്നു കോടതിയിൽ ഹാജരാക്കും. കറുകച്ചാൽ ചന്പക്കര അഞ്ചാനിയിൽ എ.ടി. മനോജ് (46) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്. പരിയാരം തോട്ടയ്ക്കാട് കൈതളാവിൽ നിഷൽ മാത്യുവിന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോഴാണു കള്ളൻ കുടുങ്ങിപ്പോയത്. നിഷലും കുടുംബവും നാളുകളായി തിരുവനന്തപുരത്താണ് താമസം. അതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീടിന്റെ പിന്നിലെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടു സമീപവാസി നോക്കിയപ്പോൾ അലമാരിക്കുള്ളിലെ തുണികളും മറ്റും വാരിവലിച്ചിട്ടിരിക്കുന്നതു കണ്ടു. ഉടൻ തന്നെ നിഷലിനെ വിവരമറിയിച്ചു. ഇന്നലെ പുലർച്ചെ നാലിനു നിഷൽ സ്ഥലത്തെത്തിയപ്പോൾ വാതിലുകൾ അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. അകത്ത് ആളുണ്ടെന്നു മനസിലാക്കിയ ഉടൻ തന്നെ വാകത്താനം പോലീസിൽ വിവരമറിയിച്ചു.
പോലീസ് എത്തി മുൻവാതിൽ തുറന്ന് അകത്തു കടന്നപ്പോൾ ബെഡ് റൂമിലെ തറയിൽ ബെഡ് ഷീറ്റ് വിരിച്ച് ഉറങ്ങുകയായിരുന്നു കള്ളൻ. പീന്നിടാണു താൻ പിടിയിലായ വിവരം കള്ളനു മനസിലാക്കുന്നത്. ചൊവ്വാഴ്ച പകൽ സമയത്ത് അടുക്കള ഭാഗത്തെ ഓടിളക്കി മോഷ്ടിക്കാനെത്തിയ കള്ളൻ വീട്ടിൽ ആളില്ലെന്നു മനസിലായതോടെ രണ്ടാമതു വീണ്ടുമെത്തി മദ്യപിച്ചു വീട്ടിൽ കിടന്നുറങ്ങുകയായിരുന്നുവെന്നും ഇയാളുടെ പേരിൽ കറുകച്ചാൽ പോലീസ് സ്റ്റേഷനിലും മോഷണക്കേസുണ്ടെന്നും പോലീസ് പറഞ്ഞു.