തുറവൂർ: യുവാക്കളുടെ ബൈക്ക് അഭ്യാസം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. തീരദേശ റോഡിൽ പള്ളിത്തോട് ഭാഗത്താണ് അപകട ഭീഷണി ഉയർത്തുന്ന തരത്തിൽ യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അമിത വേഗത്തിൽ തീരദേശ റോഡിലൂടെ യുവാക്കൾ ബൈക്കുകളിൽ പായുന്നതിനെതിരെ പ്രദേശവാസികൾക്ക് പ്രതിഷേധമുണ്ടെങ്കിലും ചോദ്യം ചെയ്താൽ സംഘടിതമായി എതിർക്കുന്നതിനാലാണ് പ്രത്യക്ഷ പ്രതിഷേധമുണ്ടാകാത്തത്.
വാഹനങ്ങളുടെ സൈലൻസറുകൾ അംഗീകൃതമല്ലാത്ത രീതിയിലാണെങ്കിൽ നടപടിയെടുക്കുമെന്ന് പോലീസും മോട്ടോർ വാഹന വകുപ്പും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഇവർക്ക് ബാധകമല്ലാത്ത നിലയിലാണ് വാഹനങ്ങൾ മോഡിഫൈ ചെയ്തിരിക്കുന്നത്. സ്റ്റാർട്ടാക്കിയാൽ തന്നെ അരക്കിലോമീറ്ററോളം അകലെ ശബ്ദം കേൾക്കുന്ന തരത്തിലുള്ള സൈലൻസറാണ് വാഹനത്തിൽ ഇവർ ഘടിപ്പിച്ചിരിക്കുന്നത്.
രാത്രി എട്ടുമുതൽ അർധരാത്രി വരെയുള്ള സമയത്താണ് തീരദേശ റോഡിൽ ഇവരുടെ അഭ്യാസ പാച്ചിൽ.ഇവരുടെ മോട്ടോർ ബൈക്കുകൾ റോഡിലൂടെ പായുന്പോഴുണ്ടാകുന്ന ശബ്ദം മൂലം റോഡിന് ഇരുവശവുമുള്ള വീടുകളിലെ കൊച്ചുകുട്ടികളുടെ ഉറക്കം തന്നെ നാളുകളായി ഇല്ലാതായ അവസ്ഥയാണ്.
അമിതവേഗത്തിലുള്ള യുവാക്കളുടെ സഞ്ചാരം മൂലം മറ്റു വാഹനങ്ങളിലെ യാത്രക്കാരും കാൽനടയാത്രക്കാരും വളരെ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. പള്ളിത്തോട് വാലയിൽ പ്രദേശത്തുള്ള ആൾ താമസമില്ലാത്ത വീട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു സംഘമാണ് ബൈക്ക് അഭ്യാസത്തിന്റെ മുൻപന്തിയിൽ. മേഖലയിൽ പോലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു.