അടൂർ: പാറക്കൂട്ടം കോരമംഗലത്ത് ഭാഗത്ത് കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. വ്യാപകമായി കൃഷിയും നശിച്ചു. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ഒഴുകുപാറ പടിഞ്ഞാറ്റേകര ജോർജ്, കോമളാലയം തങ്കപ്പൻ, ഒഴുകുംപാറ പൊടിയമ്മ, ഒഴുകുപാറ പടിഞ്ഞാറ്റേകര റെജി തുടങ്ങിയവരുടെ വീടുകളുടെ മേൽക്കൂര കാറ്റിൽ മരം വീണും മറ്റും നശിച്ചു. പടിഞ്ഞാറ്റേകര റെജിയുടെ മാതാവ് തങ്കമ്മയുടെ തലയിൽ ഓട് ഇളകി വീണ് പരിക്കേറ്റു
. കോരമംഗലത്ത് കിഴക്കേക്കര രാഘവന്റെ വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണു. അജിഭവനം ചന്ദ്രമതിയുടെ വീടിന്റെ മേൽക്കൂരയും കാറ്റിൽ തകർന്നു. ഒഴുകുപാറ ഫിലഡൽഫ്യ ചർച്ച് ഓഫ് ഗോഡിന്റെയും കോരമംഗലത്ത് അമ്മൂമ്മക്കാവിലെയും മേൽക്കൂരകൾ കാറ്റിൽ നശിച്ചു.
വള്ളിക്കുളം ഏലായിൽ കൃഷിചെയ്തിരുന്ന കുന്പുളുംവിള കുഞ്ഞുമോന്റ് 40 വാഴകൾ, പുല്ലാകുന്നിൽ പടിഞ്ഞാറ്റേതിൽ കറുത്തകുഞ്ഞിന്റെ 75 വാഴകൾ, കോരമംഗലത്ത് സുഭാഷിന്റെ 40 വാഴകൾ, പറയോണത്ത് അനിയന്റെ 30 വാഴകൾ, ശ്രീനിലയം മുരളീധരന്റെ പയർ, ചേന, വാഴ, പീസ് വില്ലയിൽ രാജന്റെ കൃഷികൾ എന്നിവ കഴിഞ്ഞ ദിവസത്തെ കാറ്റിൽ തകർന്നു. നാശമുണ്ടായ പ്രദേശങ്ങളും തകർന്ന വീടുകളും ചിറ്റയം ഗോപകുമാർ എംഎൽഎ സന്ദർശിച്ചു.
കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായവർക്ക് സഹായം എത്തിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും വീടു തകർന്നവർക്ക് വീടുകൾ നിർമിച്ചു നല്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുമെന്നും എംഎൽഎ പറഞ്ഞു. അടൂർ ആർഡിഒ എം.എ. റഹിം, തഹസീൽദാർ അലക്സ് പി. തോമസ്, ഡെപ്യൂട്ടി തഹസീൽദാർ ബീന എസ്. ഹനീഫ, വില്ലേജ് ഓഫീസർ, സന്തോഷ് പാപ്പച്ചൻ, രാജമ്മ, സുമിത്ര എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.