പുകമറയില്‍ ഇരുപത്തെട്ടുകാരി, കുടുംബത്തിലെ നാലു പേരും മരിച്ചപ്പോഴും ഇരുപത്തെട്ടുകാരി നയിച്ചത് നിഗൂഢജീവിതം, ഭര്‍ത്താവ് യുവതിയുമായി അകന്നതിനു പിന്നിലെന്ത്, പിണറായിലെ മരണവീട് നാട്ടുകാരെ വിറപ്പിക്കുന്നു…

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വദേശമായ കണ്ണൂര്‍ പിണറായിയില്‍നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ പടന്നക്കരയിലെ ‘ദുരൂഹതകളുടെ മരണവീട്ടില്‍’ എത്താം. കണ്ണൂരുകാരുടെ ചര്‍ച്ചാവിഷയമായ ഈ ഇടത്തരം വീടിനെ വാര്‍ത്തകേന്ദ്രമാക്കുന്നത് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന നാലു മരണങ്ങളാണ്. അഞ്ചു പേരായിരുന്നു ഈ വിട്ടിലെ താമസക്കാര്‍. വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), വിമല (68), ഇവരുടെ ഇരുപത്തെട്ടുകാരി മകള്‍, മകളുടെ മക്കളായ കീര്‍ത്തന (1), ഐശ്വര (9) എന്നിവര്‍. 2012 മുതല്‍ മരണം വിരുന്നിനെത്തുന്ന വീട്ടിലെ താമസക്കാരില്‍ 28കാരി ഒഴികെ ബാക്കിയാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എല്ലാവരും മരിച്ചതിന് ഒരേ കാരണം, കടുത്ത ഛര്‍ദി. ആദ്യ മരണം 2012ല്‍. ഒരു വയസുകാരി കീര്‍ത്തനയായിരുന്നു ആദ്യ ഇര. ഈ വര്‍ഷം ജനുവരിയില്‍ നാലാംക്ലാസുകാരി ഐശ്വര്യ മരിച്ചതോടെയാണ് കാര്യങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ ദുരൂഹമാകുന്നത്. തൊട്ടുപിന്നാലെ പ്രായമായ രണ്ടുപേര്‍, കുഞ്ഞിക്കണ്ണനും വിമലയും മരിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിനും ഏപ്രില്‍ പതിമൂന്നിനും.

ദുരൂഹത നിറഞ്ഞ ജീവിതം

ഈ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തി (കേസന്വേഷണം നടക്കുന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല) ഇരുപത്തെട്ടുകാരിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഭര്‍ത്താവുമായി അത്ര രസത്തിലല്ല. കുറച്ചുവര്‍ഷങ്ങളായി ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പം ഈ വീട്ടിലാണ് താമസം. കണ്ണൂരിലെ ഒരു ആശുപത്രിയില്‍ കുറച്ചു വര്‍ഷം നേഴ്‌സായി ജോലി നോക്കിയിരുന്നു. എന്നാല്‍ ഇടയ്ക്കുവച്ചു പെട്ടെന്നൊരു ദിവസം ജോലി രാജിവച്ചു വീട്ടില്‍ത്തന്നെ കൂടുകയായിരുന്നു. കുഞ്ഞിക്കണ്ണനും വിമലയും അയല്‍ക്കാരുമായി നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍, യുവതിയെപ്പറ്റി പറയുമ്പോള്‍ അയല്‍വാസികളും നെറ്റി ചുളിക്കും.

ദുരൂഹതകളുടെ മരണവീടെന്ന നിലയില്‍ രാഷ്ട്രദീപിക ഡോട്ട്‌കോം നടത്തിയ അന്വേഷണത്തില്‍ യുവതിയെ ചുറ്റിപ്പറ്റി ദുരൂഹതകളുണ്ടാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്്. യുവതിയെ കാണാന്‍ ഇടയ്ക്കു ചിലര്‍ എത്തിയിരുന്നു. യുവതിയുടെ അച്ഛനും അമ്മയും വീട്ടിലുള്ള സമയത്തുതന്നെയാണ് വന്നിരുന്നതെന്നതിനാല്‍ ആരും സംശയിച്ചിരുന്നില്ല. എന്നാല്‍, ദുരൂഹമരണങ്ങള്‍ ഉണ്ടായതോടെ ഇപ്പോള്‍ നാട്ടുകാര്‍ സംശയം ഉയര്‍ത്തുകയാണ്. യുവതി ഭര്‍ത്താവുമായി നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍, കുറെ വര്‍ഷങ്ങളായി ഭര്‍ത്താവിനെ കാണാറുപോലുമില്ല.

അവര്‍ അഡ്മിറ്റായി, പക്ഷേ, ആരോഗ്യവതി!

ഈ വീട്ടിലെ അസ്വഭാവിക മരണങ്ങളെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞപ്പോള്‍ നടന്ന ചില സംഭവങ്ങളാണ് യുവതിയെ ഇപ്പോള്‍ സംശയത്തിന്റെ പുകമറയിലാക്കിയിരിക്കുന്നത്. കടുത്ത ഛര്‍ദി അനുഭവപ്പെട്ടായിരുന്നു ഈ വീട്ടിലുള്ളവര്‍ മരിച്ചത്. ഇതിനെക്കുറിച്ചു പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുപത്തെട്ടുകാരിയായ യുവതിയും ഛര്‍ദിയെന്ന കാരണം പറഞ്ഞ് ആശുപത്രിയിലായി. യുവതിയും ആശുപത്രിയിലായതോടെ മറ്റൊരു ദുരന്തത്തിനു കളമൊരുങ്ങുകയാണോയെന്ന ആശങ്കിയിലാണ്. അവര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തി ഇവരെ പരിശോധിച്ച ഡോക്ടമാര്‍ കണ്ടു.

അപ്പോള്‍ ഡോക്ടര്‍ പങ്കുവച്ച ചില വിവരങ്ങളാണ് ഇപ്പോള്‍ യുവതിയെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ ആക്കിയിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പൂര്‍ണ ആരോഗ്യവതിയാണെന്നാണ് ഡോക്ടര്‍ പറയുന്നത്. അതായത് യുവതി അവകാശപ്പെട്ടതുപോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളൊന്നും അവര്‍ നേരിടുന്നില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം.

ഇതോടെ പോലീസ് യുവതിയെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. യുവതിയുടെ മാതാപിതാക്കളുടെ ആന്തരാവയങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിട്ടതിന്റെ ഫലം കാത്തിരിക്കുകയാണ് പോലീസ്. ഇതു വരുന്നതോടെ ഇവര്‍ മരിച്ചതിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. യുവതിയുടെ ഭര്‍ത്താവ്, ബന്ധുക്കള്‍, യുവതിയുടെ ഫോണ്‍വിളി തുടങ്ങിയ വിവരങ്ങളെല്ലാം പോലീസ് ശേഖരിക്കുന്നുണ്ട്.

Related posts