കൊട്ടാരക്കര: തമിഴ് നാട്ടിൽ നിന്നും പശുവും പോത്തും അടങ്ങുന്ന നാൽക്കാലികളെ ലോറികളിൽ കുത്തിനിറച്ചുകൊണ്ടുവരുന്ന കാഴ്ച പൊതുനിരത്തിൽ സ്ഥിരം പതിവാകുന്നു. തമിഴ് നാട്ടിലെ കാലിചന്തകളിൽ നിന്നും കേരളത്തിലെ അറവുശാലകളിലേക്കാണ് ഈ മിണ്ടാപ്രാണികളെ കുത്തി നിറച്ചു കൊണ്ടുപോകുന്നത്. ലോറികളിൽ നിന്നു തിരിയാൻ പോലും കഴിയാത്ത വിധം അട്ടിയിട്ടാണ് ഇവയെ കടത്തികൊണ്ടു വരുന്നത്.
പൊരിവെയിത്തും മഴയത്തുമാണ് ഇവയെ ലോറികളിൽ കടത്തികൊണ്ട് വരുന്നത് . തമിഴ് നാട്ടിലെ ചന്തയിൽ നിന്നും കേരളത്തിലെ അറവുശാലകളിലേക്ക് ദുരിതപൂർണമായ യാത്രയാണ് ഈ കന്നുകാലികൾക്ക്. രണ്ടും മൂന്നും ദിവസമാണ് ലോറികളിലെ യാത്ര.
ഈ ദിവസങ്ങളിലൊന്ന് ഇവയ്ക്ക് ഭക്ഷണമോ വെള്ളമോ കൊടുക്കാറില്ല. കേരളാ- തമിഴ്നാട് അതിർത്തിയിലെ ഇരു സംസ്ഥാനങ്ങളിലേയും ചെക്കു പോസ്റ്റുകൾ കടന്നാണ് നിയമവിരുദ്ധമായി ഇങ്ങനെ കാലികളെ കടത്തിക്കൊണ്ടുവരുന്നത് . ജില്ലകളിലേക്ക് പ്രധാനമായി ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് കാലികൾ എത്തുന്നത്.
ആര്യങ്കാവിൽ മൃഗപരിശോധനയ്ക്കായി പ്രത്യേകം ചെക്കു പോസ്റ്റും ഉണ്ട്. ഇവിടെ പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് കേരളത്തിലേക്ക് കാലികളെ കൊണ്ടുവരേണ്ടത്. എന്നാൽ ചെക്കുപോസ്റ്റുകളിൽ കൈക്കൂലി കൊടുത്തശേഷമാണ് കടത്തുകാർ കാലികളെ കൊണ്ടുവരുന്നത്.
ദേശീയപാതയിലൂടെ കാലികളെ ഇങ്ങനെ കടത്തികൊണ്ടുവരുന്നത് നിരവധി പോലീസ് സ്റ്റേഷനുകളുടെ മുന്നിലൂടെയും ജനത്തിരക്കേറിയ ടൗണുകളിലൂടെയുമാണ്. എന്നാൽ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ പോലീസോ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോ തയാറാകുന്നില്ല.