മണ്ണാർക്കാട്: മണ്ണാർക്കാട് മേഖലയിൽ രൂക്ഷമായ സിപിഎം-സിപിഐ തർക്കം രൂക്ഷമായതോടെ സൊസൈറ്റി ഭരണം നഷ്ടമാകാൻ സാധ്യതയേറെ. സിപിഐ നിയന്ത്രണത്തിലുള്ള കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി ഭരണമാണ് സൊസൈറ്റിക്കു നഷ്ടമാകാൻ ഇടയാക്കുന്നത്.
സിപിഐ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ഏറ്റവും വലിയ സ്ഥാപനമാണ് കുമരംപുത്തൂരിലെ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി. പ്രസിഡന്റും മുൻ സിപിഐ ജില്ലാ കമ്മിറ്റിയംഗവുമായ പി.പ്രഭാകരനാണ് സിപിഐ വിട്ട് സിപിഎമ്മിലേക്ക് ചേക്കേറാൻ തയാറെടുക്കുന്നത്.
വർഷങ്ങളായി ഹൗസിംഗ് സൊസൈറ്റിയുടെ ഭരണം കൈയാളുന്നത് സിപിഐയാണ്. പി.പ്രഭാകരനാണ് വർഷങ്ങളായുള്ള പ്രസിഡന്റ്. ഏതാനുംമാസങ്ങളായി പി.പ്രഭാകരനും പാർട്ടിയുമായി പിണക്കത്തിലാണ്. സൊസൈറ്റിയുടെ പേരിൽ അനധികൃത പണപ്പിരിവ്, അകമഴിഞ്ഞ സംഭാവന, വായ്പയെടുക്കുന്നവരിൽനിന്നും കമ്മീഷൻ തുക കൈക്കലാക്കൽ തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് പ്രഭാകരനെതിരേ പാർട്ടിക്ക് പരാതി ലഭിച്ചത്.
ഇതേ തുടർന്ന് പ്രഭാകരൻ പാർട്ടിയുമായി രസത്തിലായിരുന്നില്ല. ഇതിനിടെ പതിമൂന്നംഗങ്ങളുള്ള ഭരണസമിതിയിൽ പ്രഭാകരൻ ഒഴികേയുള്ള അംഗങ്ങൾ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തിരുന്നു.ഇതറിഞ്ഞ പ്രഭാകരൻ പുതിയതായി സൊസൈറ്റിയിലേക്ക് അംഗങ്ങളെ ചേർക്കുകയായിരുന്നു.
സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രഭാകരൻ ആയിരത്തി ഒരുന്നൂറോളം മെംബർമാരെ ചേർത്തു.ഈസമയത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിജയിക്കാനാകും.
ഇതാണ് സിപിഐ പക്ഷത്തെ വെട്ടിലാക്കിയത്. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ ഭരണം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനം ഉണ്ടാകരുതെന്നു മണ്ഡലം കമ്മിറ്റി ബോർഡംഗങ്ങൾക്ക് നിർദേശം നല്കിയിട്ടുണ്ട്.
കുമരംപുത്തൂർ സർവീസ് സഹകരണബാങ്കിലെ തെരഞ്ഞെടുപ്പു മുതലാണ് സിപിഐ-സിപിഎം കൂട്ടുകെട്ട് വഷളായത്. തെരഞ്ഞെടുപ്പിൽ സിപിഎം അംഗങ്ങളെ തോല്പിക്കാൻ സിപിഐക്കാർ നേതൃത്വം നല്കിയെന്ന് ആരോപിച്ച് സിപിഎമ്മുകാർ സിപിഐ അംഗങ്ങളെ കൂട്ടത്തോടെ പരാജയപ്പെടുത്തിയിരുന്നു.
ഈ പ്രശ്നത്തിന്റെ പേരിൽ സിപിഐ ജില്ലാ സമ്മേളനത്തിൽനിന്നും പ്രഭാകരൻ വിട്ടുനിന്നിരുന്നു. ഈ പ്രശ്നം പട്ടാന്പിയിലും മണ്ണാർക്കാടും സിപിഐയ്ക്ക് തലവേദനയാകുകയാണ്. സിപിഎം മുൻ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എം.വാസുദേവനും കഴിഞ്ഞദിവസം സിപിഎമ്മിൽ ചേർന്നിരുന്നു.