ഒറ്റപ്പാലം: ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വേനൽക്കാല പരിശോധനകൾ പ്രഹസനമാകുന്നു. കുടിവെള്ള പരിശോധനപോലും നടക്കുന്നില്ല. ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്ത് വേനൽക്കാലത്ത് പ്രത്യേക പരിശോധന ആരംഭിക്കുന്നതിന് എടുത്ത തീരുമാനം ഉദ്യോഗസ്ഥരിൽതന്നെ ചിലർ അട്ടിമറിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം.
ജില്ലയിൽ കൂണുപോലെയാണ് കുപ്പിവെള്ള കന്പനികൾ പ്രവർത്തിക്കുന്നത്. ദിനംപ്രതി പുതിയ കന്പനികൾ രൂപംകൊള്ളുന്നുമുണ്ട്. ഇവയൊന്നുംതന്നെ നിയമപ്രകാരമല്ല പ്രവർത്തിക്കുന്നത്. പരിസര ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലാണ് ഇവയുടെ പ്രവർത്തനം. മതിയായ രീതിയിൽ ശുദ്ധീകരണമില്ലാതെയാണ് വെള്ളം കുപ്പികളിൽ നിറയ്ക്കുന്നത്.
ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഭൂരിഭാഗം കന്പനികളും വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കുതന്നെ വ്യക്തമായി അറിവുള്ള കാര്യമാണ്. അതത് ജില്ലയിലെ ഭക്ഷ്യസുരക്ഷാ അധികൃതർ നേരിട്ടാണ് കുപ്പിവെള്ളം പരിശോധിക്കുവാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്.
കുപ്പിവെള്ളം നിർമിക്കുന്ന കന്പനികളും കടകളിലെത്തുന്ന കുപ്പിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കുവാൻ അധികൃതർ തയാറാകാത്തത് എന്തുകാരണത്താലാണെന്ന കാര്യം വ്യക്തമല്ല. വെള്ളത്തിന്റെ ഉറവിടം, നിലവാരം, ഉപയോഗ്യത, രാസപദാർഥങ്ങളുടെ അളവ്, മറ്റു ഘടകങ്ങൾ എന്നിവയാണ് വെള്ളത്തിന്റെ കാര്യത്തിൽ പരിശോധിക്കേണ്ടത്. കുടിവെള്ളത്തിനു പുറമേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷണ പരിശോധനകൾക്കും തീരുമാനമുണ്ടായിരുന്നു.
എന്നാൽ ഇതും പ്രഹസനമാണ്. ഭക്ഷ്യസുരക്ഷാവകുപ്പ് എന്ന സർക്കാർ സംവിധാനം പാലക്കാട് ജില്ലയിൽ പൂർണമായും നിഷ്ക്രിയമാണ്.ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉറവിടവും സ്ഥാപനത്തിന്റെ വൃത്തിയും ജീവനക്കാരന്റെ ആരോഗ്യവും അടക്കമുള്ള കാര്യങ്ങൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നാണ് നിയമം.
ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളുടെയും സ്ഥിതി പരിതാപകരമാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതും മറ്റു കാര്യങ്ങളും നടത്തുന്നത്. ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത്.
പഴകിയതും മായം കലർത്തിയതുമായ ആഹാരപദാർഥങ്ങളാണ് ഹോട്ടലുകളിൽ വില്പന നടത്തുന്നത്. ആരോഗ്യവകുപ്പും ബന്ധപ്പെട്ട അഥോറിറ്റികളുമാണ് ഇതിനെതിരേ നടപടിയെടുക്കേണ്ടത്. എന്നാൽ പൊതുജനാരോഗ്യം മുൻനിർത്തിയുള്ള യാതൊരു നടപടികളും ബന്ധപ്പെട്ടവരിൽനിന്നും ഉണ്ടാകുന്നില്ലത്രേ.