സ്വന്തം ലേഖകൻ
തൃശൂർ: എത്ര കണ്ടാലും മതിവരാത്ത വർണക്കാഴ്ചകളും എത്ര കേട്ടാലും കൊതിതീരാത്ത നാദവിസ്മയങ്ങളും കൈകോർക്കുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവന്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി.തിരുവന്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നുമിടയിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. പാറമേക്കാവ് ക്ഷേത്രത്തിൽ 11.45നും 12.15നുമിടയിലാണ് കൊടിയേറ്റ് നടന്നത്.
ഘടകക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, അയ്യന്തോൾ ശ്രീകാർത്യായനി ക്ഷേത്രം, ചെന്പുക്കാവ് ശ്രീ കാർത്യായനി ക്ഷേത്രം, ലാലൂർ ശ്രീ കാർത്യായനിദേവി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതിക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, കാരമുക്ക് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും ഇന്നു പൂരത്തോടനുബന്ധിച്ച് കൊടിയേറ്റാണ്.
തിരുവന്പാടിയിൽ രാവിലെ 11.30നു ഭൂമിപൂജയ്ക്കുശേഷം കൊടിമരത്തിൽ കൊടിക്കൂറ കെട്ടി. പൂജിച്ച കൊടി ഉയർത്താനുള്ള ഭൂമിപൂജ ആശാരിമാരാണ് നടത്തിയത്. താന്ത്രിക ചടങ്ങുകളൊന്നുമുണ്ടായില്ല. പാരന്പര്യ അവകാശികളിൽപെട്ട താഴത്തുപുരയ്ക്കൽ സുന്ദരൻ ആശാരിയാണ് കൊടിമരം തയാറാക്കിയത്.
ദേവസ്വം ഭാരവാഹികളും പൗരപ്രമുഖരും തട്ടകക്കാരുമെല്ലാം ചേർന്നാണ് ആർപ്പോ വിളികളോടെ കൊടിമരം സ്ഥാപിച്ചത്. വൈകീട്ട് മൂന്നിന് എഴുന്നള്ളിപ്പോടെ പുറത്തേക്കുവന്ന് നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികൾ ഉയർത്തും. തുടർന്ന് എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനം വഴി നടുവിൽ മഠത്തിലെത്തും.
വൈകീട്ട് നാലിനു പടിഞ്ഞാറെ ചിറയിലെ ആറാട്ടിനുശേഷം വിവിധ കേന്ദ്രങ്ങളിലെ പറയെടുപ്പിനുശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും.തിരുവന്പാടി ക്ഷേത്രത്തിൽ രാവിലെ കൊടിയേറിയ ശേഷമാണ് റമേക്കാവിലെ കൊടിയേറ്റം നടന്നത്. വലിയപാണിക്കു ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടിയുയർത്തി. ചെന്പിൽ കുട്ടനാശാരിയാണ് കൊടിമരം ഒരുക്കിയത്.
കവുങ്ങിൻ കൊടിമരത്തിൽ ആൽ, മാവ് എന്നിവയുടെ ഇലകളും ദർഭപ്പുല്ലും കൊണ്ട് അലങ്കരിച്ചു. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിലെ പാലമരത്തിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തി. അഞ്ച് ആനകളും മേളവുമായി എഴുന്നള്ളിപ്പോടെ എത്തി മണികണ്ഠനാലിലും കൊടിഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണിയിൽ ആറാട്ടും നടത്തും.
25നാണ് തൃശൂർ പൂരം. സാന്പിൾ വെടിക്കെട്ട് 23നും ആനച്ചമയ പ്രദർശനങ്ങൾ 24നും നടക്കും. തിരുവന്പാടി വിഭാഗം നായ്ക്കനാലിലും നടുവിലാലിലും പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും ഉയർത്തുന്ന പൂരപ്പന്തലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ആനച്ചമയ നിർമാണങ്ങളും അവസാന മിനുക്കുപണികളിലാണ്.
എക്സിബിഷനും തിരക്കേറി. പൂരം കൊടിയേറിയതോടെ നാടും നഗരവും പൂരലഹരിയിലമർന്നു കഴിഞ്ഞു. ഘടകപൂരങ്ങളെത്തുന്ന എട്ടു തട്ടകങ്ങളിലും പൂരാവേശം നിറഞ്ഞിരിക്കുകയാണ്.
v