സിനിമയില്‍ റോളിനായി കിടക്ക പങ്കിടുന്ന കാസ്റ്റിംഗ് ഉണ്ടെന്നത് സത്യമാണ്, പക്ഷേ എനിക്ക് അത്തരം അനുഭവങ്ങളില്ല, കാസ്റ്റിംഗ് കൗച്ചില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ച് രമ്യ നമ്പീശന്‍

റോളുകള്‍ക്കു വേണ്ടി കിടക്ക പങ്കിടുക എന്ന ഏര്‍പ്പാട് ഇന്ത്യന്‍ സിനിമ ലോകത്ത് വിരളമല്ലെന്ന വാര്‍ത്ത ആരാധകര്‍ അറിഞ്ഞത് അടുത്തിടെ ചില താരങ്ങള്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ്. രാധിക ആപ്‌തെ പോലുള്ള മുന്‍നിര താരങ്ങള്‍ കാസ്റ്റിംഗ് കൗച്ചിനെതിരേ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയതോടെ മലയാളി നടിമാരും ഇതിനെതിരേ രംഗത്തു വന്നു. പാര്‍വതി അടക്കമുള്ള നടിമാര്‍ തുറന്നു പറഞ്ഞതോടെ വനിതാ സംഘടനകളും മറ്റും പ്രതികരണവുമായിറങ്ങി.

ഇപ്പോള്‍ രമ്യാ നമ്പീശന്‍ കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച തന്റെ പ്രതികരണങ്ങള്‍ നടത്തുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രമ്യ മനസുതുറന്നത്. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കുവെച്ച ഇത്ര ഹീനമായ ഒരു സമ്പ്രദായത്തില്‍ നിന്നുണ്ടായ അനുഭവങ്ങളെ ഞാന്‍ കണ്ടില്ലെന്ന് വെക്കുന്നില്ല. ഭാഗ്യവശാല്‍ എനിക്ക് അങ്ങനെ ഒരു ദുരവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടില്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. അതോടൊപ്പം തന്നെ എനിക്ക് വേണ്ട എന്ന് തോന്നുന്ന കാര്യങ്ങളോട് നോ പറയാനും ഞാന്‍ പഠിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ടായതില്‍ എനിക്ക് ലജ്ജ തോന്നുന്നു.

ഞാന്‍ അപ്രകാരം ഒരു അവസ്ഥയില്‍ കൂടി കടന്നു പോയിട്ടില്ലാത്തതിനാല്‍ അങ്ങനെയൊന്ന് ഇല്ലായെന്ന് ഞാന്‍ പറയുന്നില്ല. കാസ്റ്റിംഗ് കൗച്ചില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം അതിനെ കുറിച്ച് തുറന്ന് പറയുക എന്നത് തന്നെയാണ്. കാസ്റ്റിംഗ് കൗച്ച് ചര്‍ച്ചയാക്കുക. നമുക്കിപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ഏറെ വേദികളുണ്ട്, അവയ്ക്ക് കാതോര്‍ക്കാന്‍ ആളുകളുമുണ്ട്. ഇത് സിനിമ ലോകത്ത് മാത്രം നടക്കുന്ന ഒന്നല്ല. മറിച്ച് എല്ലായിടത്തും നടക്കുന്നതാണ്. അതിനാല്‍ തന്നെ സ്ത്രീകള്‍ ശക്തമായി ഇതിനെക്കുറിച്ച് തുറന്ന് പറയുക. ഇതിനെതിരേ പോരാടുക- രമ്യ പറയുന്നു.

 

Related posts