പാനൂർ: പ്രായപൂർത്തിയാകാത്ത കാമുകനോടൊപ്പം ഒളിച്ചോടിയ കമിതാക്കളെ പിടികൂടി. കാമുകനോടൊപ്പം പോകാൻ അനുവദിക്കാത്ത കോടതി നിലപാടിൽ പ്രതിഷേധിച്ച് യുവതി നിരാഹാരം തുടങ്ങി. ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയും കുന്നോത്ത് പറമ്പ് സ്വദേശിയായ 19 കാരനുമാണ് കഴിഞ്ഞ ദിവസം ഒളിച്ചോടിയത്.
മടിക്കേരി പൊലീസ് പിടികൂടിയ കമിതാക്കളെ കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ പരാതി പ്രകാരം തലശേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞ കാമുകിക്ക് പ്രായപൂർത്തിയായെങ്കിലും കാമുകന് പ്രായപൂർത്തിയാകാത്തതിനാൽ ഇരുവരേയും ഒന്നിച്ച് താമസിക്കാൻ അനുവദിക്കില്ലെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.
ഇതേ തുടർന്ന് ബന്ധുക്കളോടൊപ്പം പോകാൻ തയാറാകാത്ത യുവതിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് യുവതി നിരാഹാരമാരംഭിക്കുകയായിരുന്നു. വിദ്യാർഥിയായ കാമുകനെ ബന്ധുക്കൾക്കൊപ്പം വിട്ടു.