പാനൂർ: അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയെടുത്ത കൊളവല്ലൂർ എസ്ഐ ടി.വി. ധനഞ്ജയദാസിന് സ്ഥലം മാറ്റം. ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്റ്റേഷൻ പരിധിയിലെ അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്നു. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ ക്വാറിയിൽ നടത്തിയ റെയ്ഡിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ക്വാറി മാഫിയയാണ് സ്ഥലം മാറ്റത്തിന് പിന്നിൽ.
കോഴിക്കോടേക്കാണ് സ്ഥലം മാറ്റിയത്. പകരം പത്തനംതിട്ട റാന്നി സ്റ്റേഷനിലെ എസ്ഐ ബി. രാജഗോപാൽ കൊളവല്ലൂർ എസ്ഐയായി ചുമതലയേറ്റു. അടൂർ സ്വദേശിയാണ്. കണ്ണപുരത്ത് നിന്നാണ് എസ്ഐ ധനജ്ഞയദാസ് കൊളവല്ലൂരിലേക്ക് വന്നത്.
കൊളവല്ലൂർ സ്റ്റേഷൻ പരിധിയിൽ എസ്ഐ ധനജ്ഞയദാസിന്റെ നേതൃത്വത്തിൽ നിരവധി ആകർഷമായ പ്രവർത്തനങ്ങളും ചെറിയ കാലയളവിനിടെ സംഘടിപ്പിച്ചു.
രാഷ്ട്രീയ ക്രിമിനലിസത്തിൽ നിന്നും പുതുതലമുറയെ മാറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെ കുട്ടികളെയും യുവാക്കളെയും ഉൾപ്പെടുത്തി 100 പേർക്ക് സൗജന്യ വോളിബോൾ ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ രാഷ്ട്രീയ കേസിൽ പ്രതികളായവരെ ഉൾപ്പെടുത്തി മലബാർ കാൻസർ സെന്ററിലേക്ക് ഇന്നലെ സ്നേഹ യാത്ര നടത്തുകയുണ്ടായി. ഇതിനിടയിലാണ് സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് വന്നത്.