മുംബൈ: ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 74 ഡോളർ കടന്നു. രൂപയ്ക്കു വീണ്ടും വില താണു. എങ്കിലും ഓഹരികൾക്കു വില കൂടി.
വീപ്പയ്ക്ക് 80 ഡോളറിനും 100 ഡോളറിനുമിടയ്ക്ക് വില എത്തിക്കണമെന്നു സൗദി അറേബ്യ ആഗ്രഹിക്കുന്നതായ റിപ്പോർട്ടുകളാണ് രണ്ടു ദിവസംകൊണ്ട് വീപ്പയ്ക്ക് രണ്ടു ഡോളർ വർധിപ്പിച്ചത്. 30 ഡോളറിനു താഴോട്ടുപോയ ക്രൂഡ് വില രണ്ടുവർഷംകൊണ്ട് ഇരട്ടിയിലധികമായി.
സൗദിയുടെ നേതൃത്വത്തിൽ ഒപെകും (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) റഷ്യയും എണ്ണ ഉത്പാദനം കുറച്ചുനിർത്തിയാണ് വില കൂട്ടിയത്. 2016 ആദ്യം 30 ഡോളറിനു താഴെ വിലവന്ന ശേഷമാണ് ഒപെകും റഷ്യയും കൂട്ടായ നീക്കമാരംഭിച്ചത്. അതു വലിയ വിജയമായെന്ന് ഇപ്പോൾ തെളിഞ്ഞു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 74.45 ഡോളർവരെ കയറി. വെസ്റ്റ് ടെക്സസ് ഇനം 69 ഡോളർ കടന്നു.
ക്രൂഡ് വിലക്കയറ്റം ഓഹരിവിപണിയിൽ എണ്ണക്കന്പനികൾക്കു വിലയിടിച്ചു. ബിപിസിഎലിന് 6.81 ശതമാനവും എച്ച്പിസിഎലിന് 5.78 ശതമാനവും ഇന്ത്യൻ ഓയിലിന് നാലുശതമാനവും വിലയിടിഞ്ഞു. തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പെട്രോൾ-ഡീസൽ വില കാര്യമായി കൂട്ടാൻ അനുവദിക്കില്ലെന്നുള്ള ധാരണയാണ് ഇവയ്ക്കു വിലയിടിച്ചത്.
രൂപയ്ക്ക് ഇന്നലെയും ക്ഷീണം തുടർന്നു. ഡോളറിന് 15 പൈസ കയറി 65.80 രൂപയായി. ക്രൂഡ് വിലക്കയറ്റവും വ്യാപാരയുദ്ധവും സംബന്ധിച്ച ആശങ്കളാണ് തുടർച്ചയായ അഞ്ചാമത്തെ ദിവസവും രൂപയ്ക്കു ക്ഷീണമായത്.