തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മേയ് മൂന്നിനുള്ളിൽ പ്രസിദ്ധീകരിക്കും. ഇതിനായുള്ള നടപടി ക്രമങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നത്. ഈ മാസം 23 ന് മൂല്യനിർണയം പൂർത്തിയാകും.
മൂല്യനിർണയ ക്യാന്പിൽ നിന്നുമുള്ള ഫലങ്ങൾ ഡബിൾ എൻട്രി ചെയ്യുന്നു. ആദ്യ തവണ മാർക്ക് എൻട്രി ചെയ്യുന്പോൾ എന്തെങ്കിലും പിശകുകൾ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനാണ് ഡബിൾ എൻട്രി ചെയ്യുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന മാർക്കുകൾ പരീക്ഷാ ഭവൻ ഒരു തവണ കൂടി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തും. തുടർന്ന് ഏതെങ്കിലും വിദ്യാർഥിക്ക് മാർക്ക് ഇട്ടത് രേഖപ്പെടുത്താതെ വിട്ടുപോയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ളവ പരിശോധിക്കും.
ഇതിനുശേഷം വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവ രേഖപ്പെടുത്തു. ഇതിനു ശേഷം പരീക്ഷാ ബോർഡ് ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കും.
നിലവിലെ സാഹചര്യത്തിൽ ഈ മാസം 28 ഓടെ മൂല്യനിർണയത്തിന്റെ അനുബന്ധ ജോലികൾ പൂർത്തിയാക്കിയാൽ 30 ന് പരീക്ഷാ ബോർഡ് യോഗം ചേരുകയും മേയ് രണ്ടിന് ഫലപ്രഖ്യാപനം നടത്താൻ കഴിയുകയും ചെയ്യും. 30ന് പരീക്ഷാ ബോർഡ് ചേരാൻ കഴിഞ്ഞില്ലെങ്കിൽ മേയ് രണ്ടിന് ബോർഡ് യോഗം ചേർന്ന് മേയ് മൂന്നിന് ഫലപ്രഖ്യാപനം നടത്താനും നീക്കമുണ്ട്.