ഏറ്റുമാനൂരിൽ സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ന്ന​തി​ന് കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം; സ്വ​കാ​ര്യ​ബ​സ് മു​ന്നി​ലി​ട്ട് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച ശേ​ഷമായിരുന്നു മർദനം

ഏ​റ്റു​മാ​നൂ​ർ: കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കു നേരേ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റു​ടെ ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ കെഎസ്ആർടിസി ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ 8.20ന് ​ഏ​റ്റു​മാ​നൂ​ർ – പൂ​ഞ്ഞാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റ്റു​മാ​നൂ​രി​ന് സ​മീ​പം കൂ​ട​ല്ലൂ​ർ ക​വ​ല​യി​ലാണ് സംഭവം. ആ​ക്ര​മ​ണ​ത്തി​ൽ കോ​ട്ട​യം -കാ​ന്ത​ല്ലൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ ഡ്രൈ​വ​ർ ചൂണ്ടച്ചേരി കുന്നേൽ മലയിൽ കെ.​ടി. സു​ഗ​ത​ൻ(50) ആണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

കോ​ട്ട​യ​ത്തു​നി​ന്ന് പാ​ലാ റൂട്ടിൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎൽ അ​ഞ്ച് എ​എം 151 ന​ന്പ​ർ മില്ലേനിയം സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് സു​ഗ​ത​നെ മ​ർ​ദി​ച്ച​തെ​ന്ന് കെ എസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ന്ന​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് സ്വ​കാ​ര്യ​ബ​സ് മു​ന്നി​ലി​ട്ട് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച ശേ​ഷം സ്വ​കാ​ര്യ ബ​സി​ന്‍റെ ക​ണ്ട​ക്ട​ർ കെ എ​സ്ആ​ർ​ടി​സി ബ​സി​ലെ ഡ്രൈ​വ​റെ മ​ർ​ദി​ച്ച​ത്. ഡ്രൈ​വ​റെ മ​ർ​ദി​ച്ച​ശേ​ഷം സ്വ​കാ​ര്യ ബ​സ് സ്ഥ​ലം​വി​ട്ടു.

മ​ർ​ദ​ന​ത്തി​ൽ അ​വ​ശ​നാ​യ സു​ഗ​ത​നെ ഏ​റ്റു​മാ​നൂ​ർ ഗ​വ​. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സ​ർ​വീ​സ് നി​ല​ച്ചു. യാ​ത്ര​ക്കാ​രെ മ​റ്റ് ബ​സു​ക​ളി​ൽ ക​യ​റ്റി വി​ട്ടു. നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി എ​ല്ലാ ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണി​ത്. പാ​ലാ ഡി​പ്പോ​യി​ലേ​താ​ണ് കെഎസ്ആ​ർ​ടി​സി ബ​സ്.

Related posts