പത്തനംതിട്ട: ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയിൽ കൊല്ലമുള വില്ലേജിലെ വെച്ചൂച്ചിറ പരുവയിൽ സ്ഥലം വാങ്ങുന്നതു സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം നിലപാട് സ്വീകരിച്ചിരിക്കേ ജില്ലാ കളക്ടർ അവധിയിൽ പ്രവേശിച്ചതു വിവാദത്തിൽ. നേരത്തെ സിപിഐ ജില്ലാ നേതൃത്വവും കളക്ടറുമായി ഇടഞ്ഞിരുന്നു. എന്നാൽ ആയുർവേദ ചികിത്സയ്ക്കുവേണ്ടിയാണ് കളക്ടർ അവധിയിൽ പോയതെന്നാണ് ഔദ്യോഗിക വിശദീകരണം.
മേയ് 18 വരെയാണ് കളക്ടർ അവധിയെടുത്തിരിക്കുന്നത്. എഡിഎമ്മിനാണ് ചുമതല. കളക്ടറെ മാറ്റണമെന്ന് സിപിഎം, സിപിഐ നേതൃത്വങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം ഉന്നയിച്ച ആരോപണങ്ങൾ മുഖവിലയ്ക്കെടുത്ത് കളക്ടറെ മാറ്റാനാകില്ലെന്ന നിലപാടാണ് റവന്യുവകുപ്പ് എടുത്തത്. പരുവ ഭൂമി ഇടപാടിലൂടെ കളക്ടർ സർക്കാരിനു സാന്പത്തികനഷ്ടം ഒഴിവാക്കി കൊടുക്കുകയാണുണ്ടായത്.
ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടി സമ്മർദം അനുസരിച്ച് നടപടി വേണ്ടെന്ന് റവന്യുമന്ത്രിയും നിലപാടെടുത്തു. കളക്ടറെ മാറ്റുന്നതിനു മുഖ്യമന്ത്രിയും സന്നദ്ധനായിരുന്നില്ലെന്നു പറയുന്നു. എന്നാൽ പാർട്ടി നേതൃത്വങ്ങളുടെ നിലപാട് ശക്തമായി തുടരുകയും കളക്ടറുമായി ഭരണകക്ഷി എംഎൽഎമാരിൽ ചിലരും അഭിപ്രായവ്യത്യാസത്തിലാണ്.
ആശിക്കും ഭൂമി വിവാദത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറെ സിപിഎം ജില്ലാ നേതൃത്വം പരസ്യമായി ആക്ഷേപിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ അവധിയിൽ പ്രവേശിച്ചതിനു പിന്നിലുള്ള നിഗൂഢത വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കണമെന്നാവശ്യവുമായി ഡിസിസി നേതൃത്വം രംഗത്തെത്തി.
കൊല്ലമുളയിലെ ഭൂമി വാങ്ങൽ, ടൂറിസം പദ്ധതിക്കൾക്ക് സ്ഥലം വിട്ടുനൽകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കളക്ടറെ ചൊൽപ്പടിക്കു നിർത്തി സാന്പത്തിക ലാഭം ലക്ഷ്യമിടുന്ന സിപിഎം ജില്ലാ നേതൃത്വം അഴിമതി നടത്താൻ ജില്ലാ കളക്ടറെ പ്രേരിപ്പിക്കുകയായിരുന്നെന്നും ഡിസിസി കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ ചൊൽപ്പടിക്ക് നിന്ന ജില്ലാ കളക്ടർ പൊടുന്നനെ ലഅനഭിമത ആയത് സാന്പത്തിക വശങ്ങളിലെ സിപിഎമ്മിന്റെ അതിമോഹങ്ങൾക്ക് കുടപിടിക്കാൻ നിന്നു കൊടുക്കാതിരുന്നത് മൂലമാണന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് ഭൂമി വാങ്ങാൻ കളക്ടർ സമ്മതിച്ചെങ്കിലും ഒരു കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് ഉന്നതങ്ങളിലെ വിലയിരുത്തൽ. അഴിമതിക്ക് കൂട്ടുനിൽക്കാൻ മടിക്കുന്ന കളക്ടറെ നാടുകടത്താനുള്ള ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദമാണ് അവധിക്കു കാരണമായതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു