മഞ്ചേരി: ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന അനധികൃത ഹർത്താലിൽ പങ്കെടുത്ത് അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റിലായവരെ പാർപ്പിക്കാൻ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തടവറകൾ മതിയാകുന്നില്ല. ഇന്നലെ മുതൽ അറസ്റ്റിലായവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. ഹർത്താൽ ആഹ്വാനം സംബന്ധിച്ച് പല ഉൗഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന പോലീസ് കർശന നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഹർത്താൽ ദിവസം വൈകിട്ട് മഞ്ചേരി നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തുകയും സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടായിരത്തോളം പേർക്കെതിരെയാണ് കേസ്. അപ്രഖ്യാപിത ഹർത്താൽ ദിവസം പൊതുജനങ്ങളും പോലീസുകാരുമെടുത്ത വീഡിയോ ചിത്രങ്ങളിൽ നിന്നാണ് പ്രതികളെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങളും പോലീസ് നിരീക്ഷിച്ചു വരികയാണ്. അറസ്റ്റ് വ്യാപകമായതോടെ നിരപരാധികളിൽ ചിലർ കുടുങ്ങിയതായി ആരോപണമുണ്ട്. മലപ്പുറം ജില്ലയിലെ ഏക സ്പെഷൽ ജയിലായ മഞ്ചേരി സബ് ജയിലിൽ 27 തടവുകാരെ പാർപ്പിക്കുവാനുള്ള സൗകര്യമാണുള്ളത്. എന്നാൽ ഇന്നലെ ഇവിടെ മൂന്നു വനിതാ തടവുകാരടക്കം 102 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്.
ജില്ലയിലെ ഇതര ജയിലുകളായ പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി സബ് ജയിലുകളിലെയും സ്ഥിതി വിഭിന്നമല്ല. ഏറെ തടവുകാരെ ഉൾക്കൊള്ളാവുന്ന കോഴിക്കോട് ജില്ലാ ജയിലും നിറഞ്ഞു കഴിഞ്ഞു. കോഴിക്കോട് സ്പെഷൽ സബ് ജയിൽ, വടകര, കൊയിലാണ്ടി സബ് ജയിലുകൾ എന്നിവയും തടവുകാരെ ഇനി ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ്.
ജയിൽ അന്തേവാസികൾക്കു ഭക്ഷണം, എണ്ണ, സോപ്പ് തുടങ്ങിയവ ലഭ്യമാക്കാൻ അധികൃതർ പ്രയാസപ്പെടുകയാണ്. സപ്ലൈകോയിൽ നിന്നാണ് ഇവ വാങ്ങുന്നത്. ഈയിനത്തിൽ ഇപ്പോൾതന്നെ വൻതുക കുടിശികയുണ്ട്. വേനൽ കടുത്തതോടെ പല ജയിലുകളും ജലക്ഷാമം രൂക്ഷമായി നേരിടുകയാണ്. ജയിൽ നിറഞ്ഞതോടെ പലയിടങ്ങളിലും ജലക്ഷാമം വൻപ്രതിസന്ധിയുണ്ടാക്കുന്നു. ആഴ്ചയിൽ രണ്ടു തവണയാണ് തടവുകാർക്ക് കുളിയും അലക്കും അനുവദിച്ചിട്ടുള്ളത്.
എന്നാൽ നിലവിൽ ഇതും നൽകാൻ കഴിയാത്ത അവസ്ഥയാണ്. ജയിൽ ജീവനക്കാരുടെ പരിമിതിയാണ് ചിലയിടങ്ങളിൽ നേരിടുന്ന ഒരു പ്രശ്നം. ജയിൽ സൂപ്രണ്ടിനു പുറമെ ഡെപ്യൂട്ടി പ്രിസണർ, ഹെഡ് വാർഡൻ, വനിതാപുരുഷ വാർഡൻമാർ എന്നിങ്ങനെ ജയിൽ സ്ട്രെങ്ങ്ത്ത്് അനുസരിച്ച് ജീവനക്കാർ വേണ്ടതാണ്.
പലപ്പോഴും നാനൂറ് രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന താത്ക്കാലിക ജിവനക്കാരെയും നിയമിക്കാറുണ്ട്. തടവുകാരെ ഉൾക്കൊള്ളാനാകാതെ ജയിലുകൾ വീർപ്പുമുട്ടുന്പോൾ ജീവനക്കാരുടെ പരിമിതിയും കീറാമുട്ടിയായിരിക്കുകയാണ്.അതേസമയം അപ്രഖ്യാപിത ഹർത്താൽ അക്രമാസക്തമായ സംഭവത്തിൽ അറസ്റ്റ് തുടരുന്നു. ഇന്നലെ വരെ 11 എഫ്ഐ ആറുകളിലായി 29 പേരെയാണ് മഞ്ചേരിയിൽ അറസ്റ്റ് ചെയ്തത്.
ഇതിൽ 12 പേരെ മഞ്ചേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ബാക്കിയുള്ളവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇന്ത്യൻ കോഫി ഹൗസ് അക്രമിച്ച സംഭവത്തിൽ 200 പേരാണ് പ്രതികൾ. പുറമെ നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും സ്റ്റേഷൻ ഉപരോധിച്ചതിനും രണ്ടായിരത്തോളം പേർക്കെതിരെ കേസെടുത്തു. ആനക്കയം, തൃക്കലങ്ങോട്, പൂക്കോട്ടൂർ, പയ്യനാട്, കിടങ്ങഴി, വായ്പാറപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് ഗതാഗതം തട,പ്പെടുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്.