കൊച്ചി: റോഡിൽ നിറഞ്ഞൊഴുകുന്ന വാഹനങ്ങൾ. നടപ്പാതകളിലാകട്ടെ അനധികൃത കച്ചവടക്കാരും. നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ അപകടഭീതിയില്ലാതെ നടന്നുപോകാൻ കഴിയാത്ത ദുരവസ്ഥയിലാണു കാൽനടയാത്രക്കാർ. വലിയ തുക ചെലവഴിച്ചു നിർമിച്ച നടപ്പാതകൾ അനധികൃത കച്ചവടക്കാരുടെ കൈയേറ്റം മൂലം കാൽനടയാത്രക്കാർക്കു അന്യമാകുന്നു.
നഗരത്തിനു വെളിയിൽ തിരക്കേറിയ സ്ഥലങ്ങളായ തൃപ്പൂണിത്തുറയിലും ആലുവയിലും കാക്കനാടുമെല്ലാം സമാന പ്രശ്നങ്ങളുണ്ട്. കൊച്ചി നഗരത്തിൽ തിരക്കേറിയ പാർക്ക് അവന്യൂ റോഡിലാണു കാൽനടക്കാർ ഏറ്റവും ബുദ്ധിമുട്ടുന്നത്. രണ്ടു കിലോമീറ്ററിനുള്ളിൽ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സുഭാഷ് പാർക്ക്, നഗരസഭാ ഓഫീസ്, കമ്മീഷണർ ഓഫീസ്, ജില്ലാ കോടതി, ജനറൽ ആശുപത്രി, ബോട്ടു ജെട്ടി, കെഎസ്ആർടിസി സ്റ്റാൻഡ്, മൂന്നു കോളജുകൾ തുടങ്ങിയവ പാർക്ക് അവന്യൂ റോഡിൽ അടുത്തടുത്തായി സ്ഥിതിചെയ്യുന്നു.
ദിവസവും നിരവധി ആളുകളാണ് ഇവിടേക്കു വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. പാർക്കു അവന്യൂ റോഡിലെ നടപ്പാതയിൽ പ്രവർത്തിക്കുന്ന അനധികൃത കച്ചവടക്കാർ കാൽനടയാത്രക്കാരുടെ സുഗമമായ യാത്രയ്ക്കു തടസമാകുന്നു. പലപ്പോഴും നടപ്പാത ഉപേക്ഷിച്ച് തിരക്കേറിയ റോഡിലേക്കു ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണു ജനങ്ങൾ. ഷണ്മുഖം റോഡിലും ഈ അവസ്ഥയ്ക്കു മാറ്റമില്ല. ശീതള പാനീയങ്ങൾ വിൽക്കുന്നവരും മറ്റുമാണ് ഇവിടെ അധികവും.
മേൽപ്പാല നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ വൈറ്റിലയിൽ സുഗമമായ സഞ്ചാരം അസാധ്യമാണ്. കലൂർ, കടവന്ത്ര, സൗത്ത് എന്നിവിടങ്ങളിലും കാൽനടയാത്രക്കാർക്കു ദുരിതം മാത്രമാണുള്ളത്. മറൈൻ ഡ്രൈവിലെ വാക്ക് വേയും അനധികൃത കച്ചവടക്കാരുടെ പിടിയിലാണ്. സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി ജിസിഡിഎ ഇവിടെനിന്നു കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നുവെങ്കിലും കോടതിയിൽനിന്നു കച്ചവടക്കാർ സ്റ്റേ വാങ്ങി.
നടവഴിയിൽ വാഹനങ്ങളും
നടപ്പാതകൾ കൈയേറുന്നതിൽ ഇരുചക്രവാഹനങ്ങളും പിന്നിലല്ല. ഗതാഗതക്കുരുക്കിൽ ഒരുനിമിഷം പോലും കാത്തുനിൽക്കാൻ ക്ഷമയില്ലാതെ ഇവർ നടപ്പാതകൾ വഴി വാഹനം കയറ്റി വിടുന്നു. കാൽനട യാത്രക്കാർ അപകടത്തിൽപ്പെടാതിരിക്കാൻ മാറിക്കൊടുക്കുകയേ നിവൃത്തിയുള്ളു. സിഗ്നലുകളിലും ഇതുതന്നെയാണ് അവസ്ഥ.
പാലാരിവട്ടം സിഗ്നലിലെ നടപ്പാതയിൽ വച്ച് ഇരുചക്രവാഹനം തട്ടി ഒരാഴ്ച മുന്പു വീട്ടമ്മയ്ക്കു പരിക്കേറ്റിരുന്നു. നടപ്പാതകൾ കൈയടക്കിയുള്ള പാർക്കിംഗും നഗരത്തിലെ പതിവു കാഴ്ചയാണ്. നടപ്പാതകൾ ബാരിക്കേഡുകൾ ഉപയോഗിച്ചു വേർതിരിക്കാത്തതാണ് ഇതിനു കാരണം. ജനറൽ ആശുപത്രിക്കു സമീപവും കടവന്ത്രയിലുമെല്ലാം കാൽനടക്കാരുടെ വഴി തടസപ്പെടുത്തിയുള്ള പാർക്കിംഗ് പതിവുകാഴ്ചയാണ്.
ഫ്ളക്സുകളുടെ ഇരിപ്പിടം
നഗരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഫ്ളക്സുകളും കട്ടൗട്ടുകളും ഏറെയും നടപ്പാതയിലാണ്. ഇവ നിറയ്ക്കുന്ന കാര്യത്തിൽ രാഷ്ടീയ പാർട്ടികളെന്നോ, സാമൂഹ്യ സാംസ്കാരിക സംഘടനകളെന്നോ വ്യത്യാസമില്ല. പോസ്റ്റുകളിലും ബാരിക്കേഡുകളിലും സ്ഥാപിക്കുന്ന ഫ്ളക്സുകളും കട്ടൗട്ടുകളും നടപ്പാതയിലേക്ക് ഇളകിവീണു മാർഗതടസവും അപകടങ്ങളും സൃഷ്ടിക്കുന്നു.
ഷണ്മുഖം റോഡിലും ബാനർജി റോഡിലും നോർത്തിലും മറ്റൊരു കാഴ്ചയും കാണാം. ഇതര സംസ്ഥാനക്കാർ കൂട്ടമായി നടപ്പാത കൈയേറിയിരിക്കുന്നതാണ് ഇവിടത്തെ കാഴ്ച. മേനകയ്ക്കു സമീപം നടപ്പാതയിലാണ് ഇവർ ഭക്ഷണം വരെ പാകം ചെയ്യുന്നത്. മദ്യലഹരിയിൽ ഇവർ കാൽനടയാത്രക്കാരോട് മോശമായി സംസാരിക്കുന്നതായും പരാതിയുണ്ട്.
നടപ്പാതകൾ ഫ്രീയാകാൻ
നടപ്പാതകൾ വഴിയുള്ള യാത്ര സുമഗമമാക്കാൻ അധികൃതരുടെ ഇടപെടലുകൾ ഉണ്ടാകാറില്ലെന്നു പറയാനാവില്ല. വർഷത്തിൽ ഒരിക്കലോ മറ്റോ ഇവർ നടപടികളുമായെത്തും. കുറെയൊക്കെ ഒഴിപ്പിക്കും. പിറ്റേദിവസം മുതൽ പഴയപടിയാകുകയും ചെയ്യും. തുടർച്ചയായ നടപടികളും നിരീക്ഷണങ്ങളുമുണ്ടായാൽ മാത്രമെ നടപ്പാതകൾ ഫ്രീ ആകൂ. അതിനുള്ള ഉത്തരവാദിത്വബോധവും ഇച്ഛാശക്തിയും അധികൃതർ കാട്ടേണ്ടിയിരിക്കുന്നു.