മൂവാറ്റുപുഴ: മീഡിയനിൽ വാഹനം ഇടിച്ചുകയറിയുണ്ടാകുന്ന അപകടങ്ങൾ മൂവാറ്റുപുഴയിൽ പതിവാകുന്നു. കച്ചേരിത്താഴത്തെ മീഡിയനിലാണ് വാഹനങ്ങൾ ഇടിച്ച് കയറി അപകടം കൂടുതലായും നടക്കുന്നത്. അപകടങ്ങൾ പതിവാകുന്നതിനെ തുടർന്നുനാട്ടുകാരുടെ പ്രതിഷേധത്തിൽ അധികൃതർ അപകട സൂചനാ ബോർഡ് സ്ഥാപിക്കുകയും തുടർന്നു അപകടങ്ങൾ കുറയുകയും ചെയ്തിരുന്നു. പിന്നീട് വാഹനങ്ങൾ ഇടിച്ച് ബോർഡ് നഷ്ടപ്പെട്ടു.
ഇതോടെയാണ് വീണ്ടും അപകടങ്ങൾ പതിവായിരിക്കുന്നത്. രാത്രിയിലാണ് അപകടങ്ങൾ ഏറെയും. കാറുകളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അപകടത്തിനു ശേഷം മിക്ക കാറുകളും ഓടാൻ പറ്റാത്ത അവസ്ഥയിലാകും. രാത്രിയായതിനാൽ വർക്കഷോപ് പ്രവർത്തിക്കാത്തതിനാൽ യാത്രക്കാരും ദുരിതത്തിലാകുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഇതര സംസ്ഥാനക്കാർ യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു. എയ്ഡ് പോസ്റ്റിലെ എസ്ഐ പി.ഐ. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലിസും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്നാണ് കാർ മീഡിയനിൽ നിന്നും മാറ്റിയത്. മഴക്കാലമാകുന്നതോടെ അപകടവും വർധിക്കുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. മീഡിയൻ ശ്രദ്ധയിപ്പെടാത്തതാണ് അപകടം പെരുകുന്നതിനു കാരണമാകുന്നത്.
വീണ്ടും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കുകയോ മറ്റുനടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ എംസി റോഡ് ഉപരോധമടക്കമുള്ള സമര പരിപാടികൾ ആവിഷ്കരിക്കാനുമുള്ള തീരുമാനത്തിലാണ് നാട്ടുകാർ.