ട്രോളുകള്‍ വന്ന വിവരം പൃഥിയും ഇന്ദ്രജിത്തുമാണ് പറഞ്ഞത്! അതെല്ലാം ആസ്വദിച്ചെങ്കിലും എനിക്കൊരപേക്ഷയുണ്ട്; ലംബോര്‍ഗിനി വിഷയം ട്രോളന്മാര്‍ ഏറ്റെടുത്തതിനെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നു

പൃഥിരാജ് മൂന്ന് കോടിയിലധികം വരുന്ന ലംബോര്‍ഗിനി കാര്‍ വാങ്ങിയതും അതിന്റെ മുഴുവന്‍ ടാക്‌സ അടച്ചതുമെല്ലാം വാര്‍ത്തയായെങ്കിലും അതിനേക്കാളൊക്കെ സംസാരവിഷയമായത്, ഈ കാറിനെക്കുറിച്ച് പൃഥിരാജിന്റെ അമ്മ മല്ലിക നടത്തിയ ചില പ്രസ്താവനകളാണ്.

തിരുവനന്തപുരത്തെ വീട്ടിലേക്ക് പൃഥിരാജ് കാര്‍ കൊണ്ടുവരില്ലെന്നും റോഡ് മോശമായതിനാലാണതെന്നും മല്ലിക ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ട്രോളര്‍മാര്‍ ഏറ്റെടുത്തു. പിന്നീട് മല്ലികയെ പിന്തുണച്ചും തള്ളിപ്പറഞ്ഞും നിരവധിപ്പേര്‍ രംഗത്തെത്തി.

മക്കളെല്ലാം താരങ്ങളായതിന് ഇത്രയ്ക്ക് അഹങ്കാരം വേണോയെന്ന് ഒരു കൂട്ടര്‍ ചോദിച്ചപ്പോള്‍, കാറ് വാങ്ങി, ടാക്‌സും അടച്ചിട്ട് റോഡ് നല്ലതല്ലെങ്കില്‍ അത് പറയാനുള്ള അവകാശം ഒരു പൗരനുണ്ടെന്നായി മറുപക്ഷം. മല്ലിക എന്ന വ്യക്തിയുടെ സ്വഭാവമഹിമ എത്രമാത്രമുണ്ടെന്ന് വ്യക്തിമാക്കി അവരുടെ തന്നെ ചില കുടുംബസുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

അപ്രതീക്ഷിതമായ സമയത്ത് താനെങ്ങനെ താരമായി, ട്രോളന്മാരുടെ പരിഹാസങ്ങളെ എങ്ങനെ കാണുന്നു എന്നെല്ലാം വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ മല്ലിക.

മല്ലിക സുകുമാരന്റെ വാക്കുകളിങ്ങനെ…

ലംബോര്‍ഗിനി കാറിന്റെ ഉടമ ഞാനല്ല. അതെന്റെ മകന്‍ വാങ്ങിയ കാറാണ്. മകന്‍ കാര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവനും അവന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഉള്ളതാണ്. ലംബോര്‍ഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യല്‍മീഡിയ വന്‍ ചര്‍ച്ചാ വിഷയമാക്കി. അതുകൊണ്ട് ഞാന്‍ വലിയ താരവുമായി.

എന്തെങ്കിലും സീരിയലും കണ്ടും സീരിയലില്‍ അഭിനയിച്ചും ഇടയ്ക്ക് ദോഹയില്‍ പോയും സമയം കഴിച്ചുപോയ എന്നെ പെട്ടെന്ന് എല്ലാവരും ചേര്‍ന്ന് സൂപ്പര്‍താരമാക്കി. ”അടുത്ത കാലത്ത് പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങി. ചേച്ചി ആ വണ്ടി ഇവിടെ വന്നോ, ചേച്ചി കണ്ടോ, അതില്‍ കേറി യാത്ര ചെയ്തോ” എന്നാണ് അഭിമുഖം ചെയ്തയാള്‍ എന്നോട് ചോദിച്ചത്. ഞാന്‍ വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്നമായതിനാല്‍ തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാണ് ഞാന്‍ പറഞ്ഞത്.

ശരിക്കും എനിക്ക് ട്രോളര്‍മാരോട് സ്നേഹമുണ്ട്. ഞാന്‍ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ അവര്‍ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആള്‍ക്കാരുടെ നേര്‍ക്കല്ല. എന്നെ ട്രോളിയതില്‍ പ്രശ്നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേള്‍ക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്.

ട്രോള്‍ കണ്ട് നിരവധിപ്പേര്‍ മെസേജ് ചെയ്തു. സിനിമാക്കാര്‍ക്ക് ഫാന്‍സ് ഉണ്ട്, രാഷ്ട്രീയക്കാര്‍ക്ക് അവരുടേതായ കുറേ അണികള്‍ കാണും. പക്ഷേ ഇതൊന്നും ഇല്ലാതെ, ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരമ്മ ജനത്തിനെ കൊണ്ട് ട്രോളുകാര്‍ക്കെതിരെ പ്രതികരിപ്പിച്ച ആദ്യത്തെ താരമാണ് മല്ലിക ചേച്ചി എന്നാണ് എല്ലാവരും പറഞ്ഞത്.

ട്രോള്‍ വന്ന കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്. ഞാന്‍ ലംബോര്‍ഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. ഓ പൊങ്ങച്ചമാണെങ്കില്‍ പൊങ്ങച്ചം. അമ്മ തന്നെയല്ലെ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ എന്ന് ഞാനും മറുപടി നല്‍കി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയില്ല. മല്ലിക പറയുന്നു.

 

 

Related posts