ചിറ്റൂർ: വടകരപ്പതി പഞ്ചായത്ത് നാലുസെന്റ് കോളനിയിൽ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് കാര്യാലയത്തിൽ ഉപരോധസമരം നടത്തി. നാലുസെന്റ് കോളനിയിൽ 150-ലേറെ കുടുംബങ്ങളാണ് താമസക്കാരായുള്ളത്.
എത്രയുംവേഗം മലന്പുഴ അണക്കെട്ടിൽനിന്നും കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ കാലിക്കുടങ്ങളുമായി പഞ്ചായത്തിനുമുന്നിൽ കുത്തിയിരുന്നു സമരം ചെയ്തത്.
മുന്പ്കുടിവെള്ളത്തിനായി നാട്ടുകാർ ഉപരോധസമരം നടത്തിയപ്പോൾ പ്രതിദിനം 15,000 ലിറ്റർ വെള്ളമെത്തിക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാൽ ഇതു രണ്ടുദിവസത്തിലൊരിക്കൽ പതിനായിരം ലിറ്ററാക്കി കുറയ്ക്കുകയായിരുന്നു. ഏകദേശം ആയിരത്തോളംപേർ താമസിക്കുന്ന കോളനിനിവാസികൾക്ക് ഇത് അപര്യാപ്തമാണ്.
ജലക്ഷാമം രൂക്ഷമായതോടെ ആയിരം ലിറ്റർ വെള്ളത്തിനു മുന്നൂറുരൂപ നല്കി വെള്ളം വിലയ്ക്കു വാങ്ങാൻ ഇവർ നിർബന്ധിതരാകുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് കുഴന്തൈ തെരേസ, കൊഴിഞ്ഞാന്പാറ എസ്ഐ കെ.പി.മിഥുൻ എന്നിവർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
പിന്നീട് മലന്പുഴയിൽനിന്നും മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നു ചാലുകീറുന്ന ജോലി തുടങ്ങിയശേഷമാണ് നാട്ടുകാർ സമരം നിർത്തിയത്. എത്രയുംവേഗം ജലഅഥോറിറ്റി അധികൃതരുമായി ചർച്ചനടത്തി നടപടി സ്വീകരിക്കാമെന്ന് വൈസ് പ്രസിഡന്റും വാർഡ് മെംബറുമായ അനിൽകുമാർ ഉറപ്പുനല്കിയശേഷമാണ് സമരക്കാർ പിരിഞ്ഞുപോയത്.