പുനലൂർ: താലൂക്കാശുപത്രിക്ക് കെട്ടിടസമുച്ചയം നിർമിക്കുന്നതിന്റെ മറവിൽ കോടികൾ തട്ടാനാണ് പുനലൂർ നഗരസഭാ ചെയർമാൻ ശ്രമിക്കുന്നതെന്ന് ജനകീയ മുന്നേറ്റ സമിതി മുഖ്യരക്ഷാധികാരി എസ്. രജിരാജ് പത്രസമ്മേളനത്തിൽ ആരോപിച്ചു. താലൂക്കാശുപത്രി സൂപ്രണ്ടും നഗരസഭാ ചെയർമാനും ഇക്കാര്യത്തിൽ ഒന്നിച്ച് നിൽക്കുകയാണെന്നും രജിരാജ് ആരോപിച്ചു.
ജിയോളജി വകുപ്പിന്റെ അനുമതി പോലും വാങ്ങാതെയാണ് കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കിടെ നീക്കം ചെയ്യപ്പെട്ട മണ്ണ് ആശുപത്രിക്ക് സമീപമുള്ള വയലിൽ നിക്ഷേപിച്ച് വയൽ നികത്തിക്കൊണ്ടിരുന്നപ്പോഴാണ് റവന്യു അധികൃതർ വാഹനങ്ങൾ പിടിച്ചെടുത്തത്. തുടർന്ന് കേസെടുക്കുകയും ചെയ്തു.
നീക്കം ചെയ്യപ്പെട്ട മണ്ണ് ആശുപത്രിയുടെ നിർമാണത്തിനായി സംഭരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഈ വാഗാദനം ലംഘിച്ച് മണ്ണ് സ്വകാര്യ വയലുകളിൽ നിക്ഷേപിക്കുക വഴി ധാരണകൾ ലംഘിക്കപ്പെടുകയാണെന്ന് ജനകീയ മുന്നേറ്റ സമിതി ആരോപിച്ചു.
അഴിമതി ചൂണ്ടിക്കാട്ടിയവർക്കെതിരെ നഗരസഭാ ചെയർമാനും ആശുപത്രി മാനേജിംഗ് കമ്മിറ്റിയിലെ ചിലരും രംഗത്ത് വന്ന സാഹചര്യത്തിലാണ് കാര്യങ്ങൾ തുറന്ന് പറയുന്നതെന്ന് നേതാക്കൾ വിശദീകരിച്ചു. 69 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടന്നുവരുന്നത്.
നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ കോടികൾ തട്ടാമെന്നാണ് നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ വ്യാമോഹിക്കുന്നത്. ഇതിനായി റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നു. തുടക്കത്തിൽ തന്നെ അഴിമതി നടന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ പണികൾ അഴിമതി രഹിതമായി നടത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.