കുണ്ടറ: മതത്തിന്റെ പേരിൽ രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ഇവിടെ നടത്തുന്നത് ഫാസിസ്റ്റ് ഭരണസംവിധാനമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സിപിഐ 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനവും പാർട്ടി അംഗങ്ങളിൽ നിന്നും ശേഖരിച്ച ഫണ്ട് ഏറ്റുവാങ്ങലും നിർവഹിച്ച് അഞ്ചാലുംമൂട് പഞ്ചായത്ത് മൈതാനിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസുകാർ കഴുകൻമാരെപ്പോലെ അഴിഞ്ഞാടുകയാണ്. രാജ്യത്തെ നിയമവും ഭരണഘടനയും പുല്ലുപോലെ വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യത്ത് വളർന്നു വരുന്ന ദേശീയ ബദൽ ഏതെന്ന് തീരുമാനിക്കുന്ന സമ്മേളനമാണ് കൊല്ലത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ഡി.രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. കൺവീനർ ഡി.സുകേശൻ, സിപിഐ ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു. ദേശീയ കൗൺസിൽ അംഗം ജെ.ചിഞ്ചുറാണി റെഡ് വാളന്റിയർമാർക്ക് യൂണിഫോം വിതരണം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ജെ.ഉദയഭാനു സ്വാഗത സംഘം ഓഫീസ് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.