കോഴിക്കോട്: ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍ക്കപ്പുറം സമുദ്രത്തിന്റെ വിസ്മയകാഴ്ചകളൊരുക്കി സമുദ്ര ഗാലറി. സമുദ്രക്കാഴ്ചകള്‍ സാധാരണക്കാരന്റെ കണ്മുന്നിലെത്തിക്കുകയാണ് കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രത്തിലെ സമുദ്ര ഗാലറി. ഇന്നുരാവിലെ മുതല്‍ ഇത് കോഴിക്കോട് മേഖലാശാസ്ത്ര കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാമേശ്വരത്തുനിന്ന് കൊണ്ടുവന്ന യഥാര്‍ഥ പവിഴമുത്തുകളുടെ ശേഖരമാണ് ഗാലറിയിലെ മുഖ്യ ആകര്‍ഷണം. ഇരുപതടി നീളമുളള നീലത്തിമിംഗലവും കാണികളില്‍ വിസ്മയമുളവാക്കുന്നതാണ്.
കപ്പല്‍ ഓടിക്കുന്നതിന്റെ പ്രതീതിയുളവാക്കുന്ന ഷിപ് സിമുലേറ്റര്‍ കുട്ടികള്‍ക്കായി ഗാലറിയില്‍ ഒരുക്കിയിട്ടുണ്ട്.ഗാലറിയുടെ പ്രവേശന ഭാഗത്തുതന്നെ സ്ഥാപിച്ചിട്ടുളള സ്കൂബാ ഡൈവിംഗ് കൂടുതല്‍ ആകര്‍ഷണീയമാണ്. സുനാമി ഉണ്ടാകുന്നതിനെ വിവരിക്കുന്ന പ്രതീകാത്മക സംവിധാനവും ഗാലറിയിലെ മികച്ച കാഴ്ചയാണ്. 2004 ല്‍ പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഉണ്ടായ സുനാമിയുടെ കാഴ്ചയാണ് ഗാലറിയില്‍ ഒരുക്കിയിട്ടുളളത്.
കംപ്യൂട്ടറൈസ്ഡ് എക്സിബിഷനുകള്‍, 23ല്‍ പരം വര്‍ക്കിംഗ് പാര്ട്ടണുകള്, ലൈറ്റ് ആനിമേഷന്‍ എന്നിവയും സമുദ്ര ഗാലറിയില്‍ സജ്ജമാണ്. കടപ്പുറത്തെ ചാകരയുടെ പ്രതീകാത്മക കാഴ്ച കാണികളില്‍ അനുഭൂതി ഉളവാക്കുന്നതാണ്. സമുദ്രത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സമഗ്രമായ സംവിധാനങ്ങളാണ് ഗ്യാലറിയില്‍ ഒരുക്കിയിട്ടുളളത്.
2016 ഡിസംബറിലാണ് 4800 സ്ക്വയര്‍ഫീറ്റുളള സമുദ്രഗാലറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 70 ലക്ഷം രൂപയാണ് ഗാലറി നിര്‍മാണത്തിനായി ചിലവഴിച്ചത്. സന്ദര്‍ശകരുടെ തിരക്കും നിരന്തരമായ ആവശ്യവും പരിഗണിച്ചാണ് ഔദ്യോഗികമായ ഉദ്ഘാടനത്തിന് മുമ്പ് ഗാലറി തുറന്നു കൊടുക്കുന്നതെന്ന് മേഖലാ ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന് അറിയിച്ചു.
ഓണം, ദീപാവലി എന്നിവ ഒഴിച്ച് മുഴുവന്‍ ദിവസവും രാവിലെ 10.30 മുതല്‍ വൈകുന്നേരം ആറുവരെ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കും. എന്‍ട്രി ടിക്കറ്റ് കൊണ്ടുതന്നെ സമുദ്രഗാലറിയും കാണാന്‍ സാധിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.