കൊല്ലം കൊട്ടിയത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി – ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21) മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. അടുത്തു തന്നെ വിവാഹം നടക്കാനിരുന്ന പെണ്‍കുട്ടിയുടെ മരണം ദുരൂഹമാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച പതിവുപോലെ രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ പോയ വിജി ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ രാത്രിയോടെ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കവെ രാത്രി പത്തോടെ ഇത്തിക്കര കൊച്ചു പാലത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ചൂണ്ടയിടുന്നവര്‍ക്ക് വിജിയുടെ ബാഗ് കിട്ടി. എന്നാല്‍ വിജിയുടെ സ്‌കൂട്ടര്‍ കണ്ടതുമില്ല. പിറ്റേന്ന് രാവിലെ പുഴയുടെ സമീപത്ത് ബാഗ് കിട്ടിയ അതേ സ്ഥലത്തുവച്ച് സ്‌കൂട്ടറും കണ്ടെത്തി. പിറ്റേന്ന് രാവിലെ വിജിയുടെ മൃതദേഹവും ലഭിച്ചു.
അതേസമയം, യുവതിയെ കാണാതായ ദിവസം രാവിലെ ഒരു യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത് കേസില്‍ നിര്‍ണായക തെളിവായി. ഈ യുവാവിനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇവര്‍ എന്തിനാണ് വഴക്കുകൂടിയതെന്ന സംശയമാണ് പോലീസിനുള്ളത്. മുന്‍പരിചയമുള്ള യുവാവാണെന്നാണ് പോലീസും കരുതുന്നത്. പെട്രോള്‍ പമ്പില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ സിസിടിവ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.