ജിജേഷ് ചാവശേരി
മട്ടന്നൂർ: വിശ്രമജീവിതം നയിക്കേണ്ട പ്രായത്തിൽ തേനീച്ചകളെ പരിപാലിക്കുകയാണ് ശിവപുരം പാങ്കളം റോഡിലെ കുണ്ടന്റവീട്ടിൽ എ.പി.മുഹമ്മദ്കുട്ടി. ചികിത്സയ്ക്കും ആരോഗ്യത്തിനും ഉന്മേഷത്തിനും ഫലപ്രദമായ തേൻ അന്യമാകുന്നതായുള്ള കണ്ടെത്തലാണ് 64കാരനെ തേനീച്ച കൃഷിയിലേക്ക് നയിച്ചത്.
40 വർഷം മുംബൈയിൽ നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് കുട്ടി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മൂന്നുവർഷം മുമ്പ് ജോലി ഒഴിവാക്കി നാട്ടിലെത്തിയത്. ചികിത്സയ്ക്കുശേഷം വീട്ടിലിരിക്കുമ്പോഴാണ് തേനീച്ച കൃഷിയെ കുറിച്ച് ആലോചിക്കുന്നത്. പരീക്ഷണമെന്ന നിലയിൽ വീട്ടുപറമ്പിൽ 20 പെട്ടി തേനീച്ച കൂടൊരുക്കി.
ഇതു വിജയം കണ്ടതോടെ കരൂഞ്ഞി, വെളിയമ്പ്ര, ചാവശേരി, പത്തൊൻമ്പതാം മൈൽ, ഇരിട്ടി എന്നിവിടങ്ങളിലെ റബ്ബർ തോട്ടത്തിലും തൈപറമ്പുകളിലുമായി തേനീച്ചകൂട് സ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ 300 പെട്ടികളുണ്ട്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സുഹൃത്തുക്കളുടെയും മറ്റും പറമ്പുകളിലാണ് തേനീച്ച കൃഷി നടത്തുന്നത്.
സ്കൂൾ പഠനകാലത്ത് തേനീച്ചയെ പിടിക്കാൻ പോയിരുന്ന പരിചയമാണ് തേനീച്ചകൃഷി തെരഞ്ഞെടുക്കാൻ കാരണമെന്ന് മുഹമ്മദ്കുട്ടി പറയുന്നു. രാവിലെ എട്ടിനു വീട്ടിൽ നിന്ന് ഇറങ്ങുന്ന മുഹമ്മദ്കുട്ടി തേനീച്ചകൂടുകൾ പരിശോധിച്ച് ഉച്ചവരെ വിവിധ സ്ഥലങ്ങളിലെ തോട്ടങ്ങളിലാണുണ്ടാവുക. ആഴ്ചയിൽ ഒരു പെട്ടിയിൽ നിന്നും അഞ്ചുലിറ്റർ തേൻ ലഭിക്കും.
നല്ലൊരു വരുമാനമാർഗമായി തേനീച്ച കൃഷി മാറിയെന്നു മുഹമ്മദ്കുട്ടി പറയുന്നു. നിരവധി പേരാണ് മുഹമ്മദ് കുട്ടിയുടെ വീട്ടിലെത്തുന്നത്. തേനീച്ചകൃഷി കാണാനെത്തുന്നവർക്ക് കഴിക്കാൻ സൗജന്യമായി തേൻ നൽകുന്നുമുണ്ട്. ഭാര്യ സെയ്ദ 17 വർഷം മുന്പ് മരണമടഞ്ഞു. മകൾ ബുഷ്റ.