കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യ സംഭവമായി ബസിന് ഓമനപ്പേര്! ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌സി 140 വേണാട് ഇനി അറിയപ്പെടുക ‘ചങ്ക്’ എന്ന്; ചിത്രങ്ങള്‍ വൈറല്‍

കെഎസ്ആര്‍ടിസി ബസിനോടുള്ള ആരാധന വെളിപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ ഫോണ്‍ സംഭാഷണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഈരാട്ടുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ ബസ് തിരികെ തരണമെന്ന ആവശ്യം എംഡി ടോമിന്‍ തച്ചങ്കരി ഇടപെട്ട് സാധിക്കുകയും ചെയ്തു. പെണ്‍കുട്ടി കാണാമറയത്താണെങ്കിലും ഇപ്പോഴിതാ ആരാധികയുടെ, ആര്‍എസ്‌സി 140 വേണാട് ബസിനോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി ബസിന് പേരും ചാര്‍ത്തി നല്‍കിയിരിക്കുന്നു, ‘ചങ്ക്’.

കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബസിന് ഓമനപ്പേര് നല്‍കുന്നത്. അതും ഒരാരാധിക കാരണം. ചങ്കെന്നെഴുതിയ ബസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബസിന്റെ മുന്നിലും പിന്നിലും ചുവപ്പുനിറത്തില്‍ ഹൃദയചിഹ്നം വരച്ച് അതിനുള്ളില്‍ മഞ്ഞ നിറത്തിലാണ് ചങ്ക് എന്നെഴുതിയിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 6.50-ന് ഈരാറ്റുപേട്ടയില്‍നിന്ന് പുറപ്പെടുംമുന്‍പ്, ജീവനക്കാരനായ കെ.എസ്. ചന്ദ്രബോസ് ബസിനുമുന്നില്‍ പേരെഴുതി. കോട്ടയത്തേക്കുള്ള ട്രിപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ പിന്‍വശത്തും ചങ്കെന്നെഴുതി.

ചങ്ക് എന്നു പേരിടാന്‍ നിര്‍ദേശിച്ചതും കെഎസ്ആര്‍ടിസി എംഡ് ടോമിന്‍ തച്ചങ്കരിയാണ്. എന്നാല്‍ ഇതിനെല്ലാം കാരണക്കാരിയായ പെണ്‍കുട്ടിയെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

 

 

Related posts