ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് കിരീടം ബംഗളൂരു എഫ്സിക്ക്. ഫൈനലില്‍ ബംഗളൂരു ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ നാലു ഗോളിനു തകര്‍ത്തു. ലീഡ് ചെയ്ത ശേഷമാണ് ബംഗാളിന്റെ കരുത്തര്‍ വീണത്.
ഐഎസ്എല്‍ കിരീടം ചെന്നൈയിന് എഫ്സിക്ക് അടിയറവുവച്ചതിന്റെ വിഷമം വന്‍ ജയത്തോടെ ബംഗളൂരുവിന് തീര്‍ക്കാനായി. അഞ്ചു വര്‍ഷത്തിനിടെ ബംഗളൂരുവിന്റെ അഞ്ചാം കിരീടമാണ് കലിംഗ സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. ബംഗളൂരുവിനുവേണ്ടി നായകന് സുനില്‍ ഛേത്രി രണ്ടു ഗോള്‍ നേടിയപ്പോള്‍ രാഹുല്‍ ഭേക്കേ, മികു എന്നിവരും ഗോള്‍ സംഭാവന ചെയ്തു.
അന്‍സുമാന ക്രൊമയാണ് ഈസ്റ്റ് ബംഗാളിന്റെ സ്കോറര്‍. ആദ്യ പകുതിയില്‍ സമദ് മാലിക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഈസ്റ്റ് ബംഗാള്‍ പത്തുപേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.
ഐഎസ്എലിലെയും ഐലീഗിലെയും ഗ്ലാമര്‍ ടീമുകളായ ബംഗളൂരുവും ഈസ്റ്റ് ബംഗാളും കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം ആരാധകരാല്‍ നിറഞ്ഞു.
സെമി ഫൈനലില്‍ മോഹന്‍ബഗാനെ പരാജയപ്പെടുത്തിയ ബംഗളൂരു ടീമില്‍ മൂന്നു മാറ്റങ്ങളാണ് ആല്‍ബര്‍ട്ട് റോക്ക വരുത്തിയത്. യുവാനന്, രാഹുല്‍ ഭേക്കെ എന്നിവരെ ഹര്‍മന്‍ജോത് ഖബ്ര, സസ്പെന്‍ഷനിലുള്ള നിഷു കുമാര്‍ എന്നിവര്‍ക്കു പകരമിറക്കി. മധ്യനിരയില്‍ ബോയിതാംഗ് ഹോകിപ്പിനു പകരം ലെനി റോഡ്രിഗസിനെയും ഇറക്കി. ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ താരം ഡുഡുവിനു പകരം ക്രൊമയെ ഇറക്കി.
കരുത്തരായ ബംഗളൂരുവിനെതിരേ ഈസ്റ്റ് ബംഗാള്‍ മികച്ച തുടക്കമിട്ടു. ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. ക്രൊമായുടെ മുന്നേറ്റം ബംഗളൂരു പെനാല്‍റ്റി ബോക്സിനു പുറത്തുവച്ച് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും ജോണ്‍സണും ചേര്‍ന്നു തടഞ്ഞു. ഫ്രീകിക്ക് വഴങ്ങി ഇരുവരും ബംഗളൂരുവിനെ രക്ഷിച്ചു.
28-ാം മിനിറ്റില്‍ ക്രോമായ്ക്ക് വലകുലുക്കാനായി. കറ്റ്സുമി യുസായുടെ കോര്‍ണര്‍ കിക്ക് ഗുര്‍പ്രീത് തട്ടിയെങ്കിലും പന്ത വീണത് ക്രൊമായുടെ മുന്നില്‍. ബൈസിക്കിള്‍ കിക്കിലൂടെ ലൈബീരിയന്‍ താരം പന്ത് വലയിലാക്കി. ഒരു ഗോള്‍വീണതോടെ ബംഗളൂരു ആക്രമണം കൂടുതല്‍ ശക്തമാക്കി. 39-ാം മിനിറ്റില്‍ വിക്ടര്‍ പെരസിന്റെ കോര്‍ണര്‍ കിക്കില്‍നിന്ന് ഭേക്കെയുടെ ഹെഡര്‍ നീലപ്പടയ്ക്ക് സമനില നല്കി. മുന്‍ ഈസ്റ്റ് ബംഗാള്‍ താരമായിരുന്ന ഭേക്കെ അനായാസം പന്ത് വലയിലാക്കി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബംഗളൂരുവിന്റെ സുഭാഷിഷ് ബോസിന്റെ മുഖത്ത് ഇടിച്ചതിന് സമദ് മാലിക് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി.പത്തുപേരുമായി ചുരുങ്ങിയിട്ടും ബംഗാള്‍ രണ്ടാം പകുതിയുടെ തുടക്കത്തിലും മികച്ച പ്രകടനം നടത്തി. 51-ാം മിനിറ്റില്‍ ക്രൊമ ഗോള്‍ നേടിയെങ്കിലും താരം ഓഫ് സൈഡിലായിരുന്നതിനാല്‍ ഗോള്‍ അനുവദിച്ചില്ല. 69-ാം മിനിറ്റില്‍ ബംഗളൂരു പെനാല്‍റ്റിയിലൂടെ മുന്നിലെത്തി.
സുഭാഷിഷ് ബോസിന്റെ ക്രോസ് പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന ഗുര്‍വീന്ദര്‍ കൈയില്‍ തട്ടിയതിനാണ് സ്പോട് കിക്ക് വിധിച്ചത്. കിക്കെടുത്ത നായകന് ഛേത്രിക്ക് പിഴച്ചില്ല ബംഗളൂരു മുന്നില്‍. 71-ാം മിനിറ്റില്‍ ബംഗാളിന്റെ തിരിച്ചുവരവാനുള്ള സാധ്യതകളെല്ലാമടച്ചുകൊണ്ട് മിക്കു നീലപ്പടയുടെ മൂന്നാം ഗോള്‍ നേടി.
കളി തീരാന്‍ 15 മിനിറ്റുള്ളപ്പോള്‍ ബംഗാള്‍ പരിശീലകന് മുന്നേറ്റനിരയില്‍ ഡുഡുവിനെയും ജോബി ജസ്റ്റിനെയും ഇറക്കി. എന്നാല്‍ ഇവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 90-ാം മിനിറ്റില്‍ ഹെഡറിലൂടെ രണ്ടാം ഗോളും നേടിക്കൊണ്ട് ഛേത്രി ബംഗളൂരുവിന് ഗംഭീര വിജയം സമ്മാനിച്ചു.