തിരുവനന്തപുരം: തിരുവനന്തപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവല്ലം പുനംതുരുത്തിൽ ചൂണ്ടയിടാൻ എത്തിയവരാണു മൃതദേഹം കണ്ടെത്തിയത്. ആയൂർവേദ ചികിത്സയ്ക്കിടെ കോവളത്തുനിന്നു കാണാതായ ലിത്വാനിയ സ്വദേശിനിയായ ലിഗ സ്ക്രോമാന്റെ മൃതദേഹമാണിതെന്ന് പോലീസ് സംശയിക്കുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഫെബ്രുവരി 21-നാണ് കടുത്ത വിഷാദ രോഗത്തെ തുടർന്നു പോത്തൻകോട് ഐരൂപ്പാറ അരുവിക്കരക്കോണത്തെ ആയൂർവേദ ഡിസ്പെൻസറിയിൽ ലിഗ ചികിത്സയ്ക്കായി എത്തിയത്. തുടർന്നു 14-ന് ഇവരെ കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി പോലീസിൽ വിവരം അറിയിച്ചപ്പോൾ മുതൽ തുടങ്ങിയ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിരുന്നില്ല.
കാണാതാകുന്പോൾ പണമോ പാസ്പ്പോർട്ടോ ലിഗയുടെ കൈയിൽ ഇല്ലായിരുന്നു. നേരത്തെ, തമിഴ്നാട്ടിലെ കുളച്ചൽ തീരത്തുനിന്നും വിദേശ വനിതയുടേതെന്നു കരുതുന്ന ഒരു മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് ലിഗ അല്ലെന്നു സ്ഥിരീകരിക്കുകയായിരുന്നു.