മാങ്കാംകുഴി : വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ മേടം പത്തിന് നടക്കുന്ന പത്താമുദയ മഹോത്സവത്തിന് നാടും കരകളും ഒരുങ്ങി. മധ്യതിരുവിതാംകൂറിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ പള്ളിയറക്കാവ് ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടെ ഈ വർഷത്തെ ഓണാട്ടുകരയിലെ കെട്ടുത്സവങ്ങൾക്ക് സമാപനമാകും. ക്ഷേത്രവുമായി ബന്ധപ്പെട്ട ഏഴ് എൻഎസ്എസ് കരകളുടെയും സംയുക്തസമിതികളുടെയും നേതൃത്വത്തിൽ കെട്ടുകുതിരകളുടെ നിർമാണം കരകളിൽ പുരോഗമിക്കുകയാണ്.
ക്ഷേത്ര മൈതാനിയിലും, വെട്ടിയാർ ഗവണ്മെന്റ് എൽപി സ്കൂളിന് സമീപവുമായാണ് കെട്ടുകുതിരകളുടെ നിർമാണം ഇപ്പോൾ പുരോഗമിക്കുന്നത്. മേടം പത്തായ തിങ്കളാഴ്ചയാണ് പത്താമുദയ മഹോത്സവം. ഉച്ചകഴിഞ്ഞ് മൂന്നിന് കെട്ടുകാഴ്ചകളുടെ ക്ഷേത്രത്തിലേക്കുള്ള വരവ് ആരംഭിക്കും .
വെട്ടിയാർ ഗവ. എൽപിസ്കൂൾ ജംഗ്ഷനിൽ നിന്ന് എൻഎസ്എസ് കരയോഗങ്ങളുടെ കെട്ടുകുതിരകളും വെട്ടിയാർ പടിഞ്ഞാറ് ശ്രീമുരുക ഹൈന്ദവ പൗരസമിതിയുടെ മയിൽ വാഹനരഥവും മാങ്കാംകുഴി യുവജന സമാജത്തിന്റെ കൈലാസോദ്ധാരണം കലാരൂപവും മറ്റ് വഴിപാട് കെട്ടുകാഴ്ചകളും ചേർന്ന് ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എത്തിച്ചേരും.
തുടർന്ന് കെട്ടുകാഴ്ചകൾക്ക് മുന്പിൽ എഴുന്നള്ളത്ത് നടക്കും കണ്ഠകാളൻകാവ് മഹാദേവ ക്ഷേത്രത്തിലേക്കുള്ള ഭഗവതിയുടെ പുറപ്പാടും ശ്രീമഹാദേവനുമൊത്തുള്ള തിരിച്ചെഴുന്നള്ളിപ്പും നടക്കും. തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, സേവ എന്നിവയും നടക്കും.
നയന മനോഹരമായ കെട്ടുകാഴ്ചദർശിക്കാൻ ഓണാട്ടുകരയിലെ വിവിധഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ വെട്ടിയാർ ഗ്രാമത്തിലേക്ക് നാളെ ഒഴുകിയെത്തും. കെട്ടുകാഴ്ച കടന്നുപോകുന്നതിനാൽ പന്തളം മാവേലിക്കര റോഡിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഗാതാഗത നിയന്ത്രണം ഏർപ്പെടുത്തും.