ആലുവ: തെങ്ങ് കയറ്റ പരിശീലനം നടത്തുന്നതിനിടെ പിടിവിട്ട് തലകീഴായി മുക്കാൽ മണിക്കൂറോളം തെങ്ങിൽ യുവതി തൂങ്ങിക്കിടന്നു. അബോധാവസ്ഥയിലായ യുവതിയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി.തായിക്കാട്ടുകര മുട്ടം ഉള്ളിമറ്റം വീട്ടിൽ മിനി (34)നെയാണ് ആലുവ, ഏലൂർ ഫയർഫോഴ്സുകൾ രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എടത്തല എൻഎഡി മണലിമുക്ക് അമ്പാട്ടുപാറ രാമകൃഷ്ണന്റെ വീട്ടിൽ തെങ്ങ് കയറ്റ പരിശീലനം നടക്കുമ്പോഴായിരുന്നു അപകടം നടന്നത്.
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഡിസ്ചാർജ് ചെയ്യും. യന്ത്ര സഹായത്തോടെ 30 അടിയിലേറെ ഉയരമുള്ള തെങ്ങിൽ ആദ്യമായിട്ടാണ് കയറിയതെന്ന് മിനി പറഞ്ഞു.തെങ്ങിന് മുകളിൽ വച്ച് തല കറങ്ങി പുറകിലോട്ട് മറിഞ്ഞു വീണതിനെ തുടർന്ന് യന്ത്രത്തിന്റെ വള്ളിയിൽ കാൽപാദങ്ങൾ കുരുങ്ങി തല കീഴായി തൂങ്ങി കിടക്കുകയായിരുന്നു.
പരിശീലനം നേടിയ അഞ്ച് സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പുതിയവർക്ക് 4 ദിവസത്തെ പരിശീലനം ആരംഭിച്ചത്. അപകടം നടന്നയുടനെ ഇവരിൽ രണ്ട് പേർ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറി തലകീഴായി തൂക്കിക്കിടന്ന മിനിയെ താങ്ങി പിടിച്ചു നിർത്തി.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം വല, ലാഡർ, കയർ എന്നിവ ഉപയോഗിച്ചാണ് യുവതിയെ താഴെയിറക്കിയത്. തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു.
ഏറെ സാഹസപ്പെട്ടാണ് ഫയർഫോഴ്സ് ജീവനക്കാർ യുവതിയെ രക്ഷിച്ചത്. ഏകദേശം 45 മനിറ്റോളം യുവതിക്ക് തലകീഴായി കിടക്കേണ്ടി വന്നു.ആലുവ ഫയർ സ്റ്റേഷൻ ഓഫീസർ കെ.എ. അശോകൻ, ഏലൂർ സ്റ്റേഷൻ ഓഫീസർ ജൂഡ് തദേവൂസ് എന്നിവരുടെ നേതൃത്തിലാണ് യുവതിയെ രക്ഷിച്ചത്.
എടത്തല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര പദ്ധതി പ്രകാരം നടത്തിയ പരിശീലന പരിപാടിക്കിടെയാണ് അപകടം. കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയിലെ പത്ത് കുടുംബശ്രീ അംഗങ്ങളാണ് തെങ്ങ് കയറ്റ പരിശീലനം നേടാൻ എത്തിയത്.