പാലക്കാട് : ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെട്ട ചാക്കുകളുടെ കയറ്റിറക്ക്് കൂലി സംസ്ഥാനതലത്തിൽ ഏകീകരിക്കുന്നത് വരെ വർധിപ്പിച്ച കൂലി ആവശ്യപ്പെടരുതെന്ന് ജില്ലാ കളക്ടർ ഡോ.പി.സുരേഷ് ബാബു ചുമട്ടുതൊഴിലാളി പ്രതിനിധികളോട് ആവശ്യപ്പെട്ടു.
ചാക്കുകളുടെ കയറ്റിറക്ക് കൂലിതർക്കത്തെ തുടർന്ന്് സപ്ലൈകോ-എൻ.എഫ്.എസ്.എ കൊടുന്തിരപ്പിള്ളി ഗോഡൗണിലെ റേഷൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് വിളിച്ചു ചേർത്ത തൊഴിലാളികളുടേയും ട്രേഡ് യൂനിയൻ പ്രതിനിധികളുടേയും യോഗത്തിലാണ് ജില്ലാ കളക്ടർ ആവശ്യം മുന്നോട്ട് വെച്ചത്. നിലവിലുളള കൂലിയിൽ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങൾ ഉടൻ തന്നെ തൂക്കി കയറ്റി നൽകാമെന്ന് തൊഴിലാളികളും പ്രതിനിധികളും യോഗത്തിൽ സമ്മതം അറിയിച്ചിട്ടുണ്ട്.
ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെട്ട ചാക്കുകൾ കയറ്റുന്നതിന് ക്വിന്റലിന് 14.50 രൂപയും ഇറക്കുന്നതിന് 12 രൂപയുമാണ് നിലവിൽ പിന്തുടർന്നിരുന്ന കൂലി. നിറഞ്ഞ ചാക്കുകൾ തൂക്കാതെയും പൂർണമായി നിറയാത്ത ചാക്കുകൾ മാത്രം തൂക്കിയുമാണ് തൊഴിലാളികൾ റേഷൻ കടകളിൽ കയറ്റിറക്ക് നടത്തിയിരുന്നത്.
രണ്ടുതരം ചാക്കുകളും തൂക്കണമെന്ന് റേഷൻ വ്യാപാരികളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് തൊഴിലാളികൾ നിശ്ചിത കൂലിയേക്കാൾ കൂടുതൽ ആവശ്യപ്പെട്ടതും തർക്കത്തിനിടയാക്കിയതും.
കയറ്റിറക്ക് കൂലി ഏകീകരിച്ചുകൊണ്ടുളള സർക്കാർ തീരുമാനം വൈകിയാൽ ജില്ലാ കലക്ടർ വിഷയത്തിൽ വീണ്ടും ഇടപെടണമെന്ന ആവശ്യം യോഗത്തിൽ തൊഴിലാളികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. കൂലിതർക്കം റേഷൻ വിതരണത്തെ ബാധിക്കാത്ത വിധം കൈകാര്യം ചെയ്യണമെന്ന ജില്ലാ കളക്ടറുടെ ആവശ്യവും തൊഴിലാളികളും ട്രേഡ് യൂനിയൻ പ്രതിനിധികളും അംഗീകരിച്ചു.
ജില്ലാ കളക്ടറുടെ ചേബറിൽ ചേർന്ന യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ (ജനറൽ) സി.എം സക്കീന, സപ്ലൈകോ റീജനൽ മാനെജർ പി.ദാക്ഷായണിക്കുട്ടി, പാലക്കാട് അസിസ്റ്റന്റ് മേഖലാ മാനെജർ പി. ഷീബ, പാലക്കാട് ഡിപ്പൊ ജൂനിയർ മാനെജർ പി. സുരേഷ്, തൊഴിലാളി യൂനിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.